ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ് ടെക് കമ്പനിയായി ബൈജൂസ്

കോവിഡ് കാലത്തും ബൈജൂസിലേക്ക് ഫണ്ട് ഒഴുകുകയാണ്. എങ്ങനെയാണ് മലയാളി തുടങ്ങിയ ഈ സംരംഭം ഗ്ലോബല്‍ ആയത്? ബൈജൂസിലേക്ക് കോടികള്‍ നിക്ഷേപിച്ച ഭീമന്മാര്‍ ആരെല്ലാമാണ്. എന്താണ് ബൈജൂസിനെ വ്യത്യസ്തമാക്കുന്നത്. അറിയാം.

-Ad-

കോവിഡ് മൂലം ജനങ്ങള്‍ വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ മലയാളിയായ ഒരു സംരംഭകന്‍ തന്റെ ലേണിംഗ് ആപ്പിന്റെ സേവനം സൗജന്യമാക്കി! പഠനം അക്ഷരാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് പാല്‍പ്പായസം പോലെ പ്രിയങ്കരമാക്കിയ വിദ്യാഭ്യാസ രംഗത്തെ ടെക്നോളജി സംരംഭകനായ ബൈജു രവീന്ദ്രനാണ് ഈ നീക്കം നടത്തിയത്. അതോടെ ബൈജൂസ് ലേണിംഗ് ആപ്പിലേക്ക് കുട്ടികള്‍ കൂട്ടത്തോടെ ഇടിച്ചുകയറുക മാത്രമല്ല, 2015ല്‍ തുടങ്ങിയ കാലം മുതലുള്ള ജൈത്രയാത്ര കൂടുതല്‍ തിളക്കത്തോടെ ഈ കോവിഡ് കാലത്ത് ആവര്‍ത്തിക്കാനും സാധിച്ചു. ഇന്ന് ലോകമെമ്പാടുമായി കോടിക്കണക്കിന് കുട്ടികളാണ് ബൈജൂസ് ആപ്പ് ഉപയോഗിച്ച് പഠിക്കുന്നത്.

ക്ലാസ് മുറിയില്‍ നിന്ന് ടാബ് ലെറ്റിലേക്കും സ്മാര്‍ട്ട് ഫോണിലേക്കും പഠനത്തെ പറിച്ചു നട്ട ബൈജൂസ് നിര്‍മിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ച് കുട്ടികള്‍ക്ക് തികച്ചും വ്യക്തികേന്ദ്രീകൃതമായ പഠനപ്രവര്‍ത്തനങ്ങളാണ് നല്‍കുന്നത്. ടെക്നോളജിയുടെ പിന്‍ബലത്തില്‍ ലോകമെമ്പാടും വളരുമ്പോഴും ആപ്പ് ഉപയോഗിക്കുന്ന ഓരോ കുട്ടിയുടെയും ബുദ്ധിശക്തിയും താല്‍പ്പര്യവും ഓരോ വിഷയവും പഠിക്കാന്‍ എടുക്കുന്ന സമയവുമെല്ലാം കണക്കിലെടുത്ത് സേവനം നല്‍കാന്‍ ബൈജൂസിന് കഴിയുന്നതാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഡ്യുടെക് സംരംഭമായി ബൈജൂസിനെ വളര്‍ത്തിയത്.

കോവിഡ് കാലത്തും അതുകൊണ്ട് തന്നെ ബൈജൂസിലേക്ക് ഫണ്ട് ഒഴുകുകയാണ്. ബ്ലാക്ക് റോക്ക് ഇന്‍ക്, സാന്‍ഡ്സ് ക്യാപിറ്റല്‍, അല്‍ക്കിയോണ്‍ ക്യാപിറ്റല്‍ എന്നിവരാണ് ഏറ്റവും പുതുതായി ബൈജൂസില്‍ നിക്ഷേപം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് കമ്പനികളും നിക്ഷേപിക്കുന്ന ആകെ തുക 300 മില്യണ്‍ ഡോളര്‍ ആണ് എന്നാണ് വാര്‍ത്ത. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് രണ്ടായിരത്തി ഇരുനൂറ് കോടി രൂപയില്‍ അധികം വരും. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഈ ടെക് സൂപ്പര്‍സ്റ്റാര്‍ ടീം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

-Ad-
ബൈജൂസിലേക്കെത്തിയ കോടികള്‍

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും ഭാര്യയുടെയും പേരിലുള്ള ചാന്‍ – സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവില്‍ നിന്ന് ഏഷ്യയില്‍ വെച്ചുതന്നെ ആദ്യമായി ഫണ്ട് കരസ്ഥമാക്കിയ ബൈജൂസ് ഈ വര്‍ഷം ജനുവരിയില്‍ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റില്‍ നിന്ന് 200 മില്യണ്‍ ഡോളറും ഫെബ്രുവരിയില്‍ ജനറല്‍ അറ്റ്ലാന്റിക്കില്‍ നിന്ന് മറ്റൊരു 200 മില്യണ്‍ ഡോളറും കരസ്ഥമാക്കി. ആഗസ്തില്‍ ഡിഎസ്ടി ഗ്ലോബലില്‍ നിന്ന് 123 മില്യണ്‍ ഡോളറും സെപ്തംബറില്‍ സില്‍വര്‍ലേക്കില്‍ നിന്ന് 500 മില്യണ്‍ ഡോളറും ബൈജൂസിലേക്ക് എത്തി.

അതിനിടെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ കോഡിംഗ് പരിശീലനം നല്‍കുന്ന സ്റ്റാര്‍ട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറിനെ 300 മില്യണ്‍ ഡോളറിന് ഏറ്റെടുക്കുകയും ചെയ്തു. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബോണ്ടും ബൈജൂസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബോണ്ടിന്റെ ജനറല്‍ പാര്‍ട്ണറായ മേരി മീക്കര്‍ വിശേഷിപ്പിച്ചതുപോലെ, ബൈജൂ എഡ്യൂക്കേഷന്‍ ടെക്നോളജി രംഗത്തെ സമാനതകളില്ലാത്ത സംരംഭകനായി ഉയര്‍ന്നിരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here