ഇതൊക്കെ ശ്രദ്ധിക്കണം അമ്പാനേ; എല്ലാ ക്യൂ.ആര്‍ കോഡുകളും സ്‌കാന്‍ ചെയ്യാനുള്ളതല്ല, കാത്തിരിക്കുന്നത് മുട്ടന്‍ പണി

ഇന്ത്യയില്‍ ക്യൂ.ആര്‍ കോഡ് ഫിഷിംഗ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു
QR code scanning photo of a hacker
image credit : canva
Published on

അനുദിനം വികസിക്കുന്ന രാജ്യത്തിന്റെ ഡിജിറ്റല്‍ മേഖല മറ്റൊരു വിധത്തില്‍ തലവേദനയും സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് ഇരയായില്ലെങ്കില്‍ ഭാഗ്യമെന്നു വേണം പറയാന്‍. അത്രയധികം ഡിജിറ്റല്‍ തട്ടിപ്പുകളുടെ സാധ്യതകള്‍ വ്യാപിച്ചു കിടക്കുന്നു. ഡിജിറ്റല്‍ ലോകത്ത് തട്ടിപ്പുകാരെ തട്ടാതെയും മുട്ടാതെയും നടക്കാന്‍ പറ്റില്ലെന്നുള്ള അവസ്ഥയായി. ഇപ്പോഴിതാ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായതോടെ, ഉപയോക്താക്കളില്‍ നിന്ന് സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും മോഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ ക്യൂ.ആര്‍ കോഡുകളും ചൂഷണം ചെയ്യുന്നു. ക്യൂ.ആര്‍ കോഡ് ഫിഷിംഗ് എന്ന രീതിയാണ് ഇതിന് വ്യാപകമായി ഉപയോഗിക്കുന്നത്.

എന്താണ് ക്യൂ.ആര്‍ കോഡ് ഫിഷിംഗ് ?

വ്യാജ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യിച്ച് ഉപയോക്താവിനെ കബളിപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യമാണ് ക്യൂ.ആര്‍ കോഡ് ഫിഷിംഗ്. ഇതിലൂടെ ഉപയോക്താവിന്റെ ഡാറ്റ മോഷ്ടിക്കപ്പെടുകയോ പണം നഷ്ടപ്പെടുകയോ ചെയ്യാം. വിശ്വസനീയമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സുരക്ഷിതമല്ലാത്ത സ്‌കാനറുകള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങളും മോഷ്ടിക്കപ്പെടുന്നു. ഇതിലൂടെ അക്കൗണ്ടിലെ പണം കൈകലാക്കാനുള്ള വഴികളാണ് തട്ടിപ്പുകാര്‍ തേടുന്നത്.

വിശ്വസനീയമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഈമെയിലും എസ്.എം.എസുകളുമായാണ് ക്യൂ.ആര്‍ കോഡ് നിങ്ങളുടെ ഫോണിലെത്തുക. സര്‍ക്കാര്‍ ധനസഹായം, അല്ലെങ്കില്‍ വിവിധ സേവനങ്ങളുടെ സബ്‌സിഡി, ഫ്രീ റീചാര്‍ജ് എന്നിവ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു കാണിച്ചുള്ള മിക്ക മെസ്സേജുകളിലും ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പണം നേടാന്‍ സാധിക്കുമെന്ന രീതിയിലും തട്ടിപ്പുകാര്‍ സമീപിക്കാം. പണം, ജോലി തുടങ്ങിയ വാഗ്ദാനങ്ങളുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും തട്ടിപ്പുകാര്‍ നിങ്ങളെ തേടിയെത്താം.

തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

സുരക്ഷിതമെന്ന് ഉറപ്പു വരുത്തുക. അവിശ്വസനീയമായ ഉറവിടത്തില്‍ നിന്ന് ഒരിക്കലും ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യരുത്. അപരിചിതമായതോ സംശയാസ്പദമായതോ ആയ ഉറവിടങ്ങളില്‍ നിന്നുള്ള സ്‌കാനറുകള്‍, സൗജന്യ വൈഫൈ ഓഫര്‍ ചെയ്തു കൊണ്ട് പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌കാനറുകള്‍, ആവശ്യപ്പെടാതെ തന്നെ സന്ദേശങ്ങളായി ഫോണിലെത്തുന്ന സ്‌കാനറുകള്‍ എന്നിവയിലെ അപകട സാധ്യത മനസിലാക്കുക. പണം, ജോലി തുടങ്ങിയ വാഗ്ദാനങ്ങളുമായി എത്തുന്നവരുടെ ഉറവിടം പരിശോധിക്കുക, വ്യക്തവും വിശ്വസനീയവും അല്ലെങ്കില്‍ വലിയ തട്ടിപ്പിന് ഇരയാകാം.

സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിക്കാം. ക്യൂ.ആര്‍ കോഡിന്റെ വിശ്വസനീയത ഉറപ്പാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇതിലൂടെ ക്യൂ.ആര്‍ കോഡ് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ക്യൂ.ആര്‍ കോഡിന്റെ യു.ആര്‍.എല്‍ തുറക്കുന്നതിന് മുമ്പ് അതിന്റെ പ്രിവ്യൂ അവലോകനം ചെയ്ത് അത് നിയമാനുസൃതമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.

സ്മാര്‍ട്ട്ഫോണിന്റെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യുക. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുക. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളും അപ്പുകളും തിരിച്ചറിയാന്‍ കഴിയുന്ന സുരക്ഷാ പാച്ചുകള്‍ അപ്ഡേറ്റുകളില്‍ പലപ്പോഴും ഉള്‍പ്പെടുന്നു. ഇത് ഒഴിവാക്കുന്നത് ഫോണിന്റെ സുരക്ഷിതത്വം കുറയ്ക്കും.

ക്യൂ.ആര്‍ കോഡുകള്‍ റിപ്പോര്‍ട്ടു ചെയ്യുക. ഒരു ക്യൂ.ആര്‍ കോഡ് നിങ്ങള്‍ക്ക് സംശയാസ്പദമായി തോന്നുകയാണെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളിലേക്കോ ക്യൂ.ആര്‍ കോഡ് ജനറേറ്റ് ചെയ്യപ്പെട്ട പ്ലാറ്റ്ഫോമിലേക്കോ റിപ്പോര്‍ട്ട് ചെയ്യുക. മറ്റുള്ളവരും സമാന തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ ഇത് സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com