ട്രംപിന്റെ ഉപരോധത്തിനിടയ്ക്കും മിന്നുന്ന 5 ജി ഫോണ്‍ വാവെ

ട്രംപിന്റെ ആരോപണവും ഉപരോധവും മൂലം ഒട്ടൊക്കെ തളര്‍ന്നെങ്കിലും 2019 ലെ മികച്ച 5 ഫൈജി സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെ തന്നെ. സാംസങ് അടക്കമുള്ള കമ്പനികള്‍ 5ജി രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നതിനിടെയാണ് വാവെയുടെ നേട്ടമെന്ന് പ്രമുഖ ഡാറ്റാ വിശകലന, ബിസിനസ് കണ്‍സള്‍ട്ടിംഗ്, ഗവേഷക സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്തു.

സ്ട്രാറ്റജി അനലിറ്റിക്സ് കണ്ടെത്തിയിരിക്കുന്നത്, 2019 ല്‍ ലോകത്തിലെ ഏറ്റവും മികച്ച 5 ജി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാര്‍ സാംസങല്ല, വാവേ ആണെന്നാണ്. 37 ശതമാനം വിപണി വിഹിതമുണ്ട് വാവേക്ക്. കഴിഞ്ഞ വര്‍ഷം ലോകത്തുടനീളമായി വിറ്റ മൊത്തം 19 ദശലക്ഷം 5 ജി ഫോണുകളില്‍ 6.9 ദശലക്ഷം വരും അവരുടേത്.ചൈനയിലാണ് കമ്പനി 36 ശതമാനത്തോളം 5ജി സ്മാര്‍ട് ഫോണുകള്‍ വിറ്റഴിച്ചിട്ടുള്ളത്.

ഏറ്റവും വലിയ വിപണികളിലൊന്നായ അമേരിക്കയില്‍ വിലക്കിയിട്ടും 5 ജി സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ മുന്നേറുന്നത് വാവേയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ നേട്ടമാണ്. ഗൂഗിളിന്റെ മൊബൈല്‍ സേവനങ്ങളിലേക്കുള്ള ആക്‌സസ് അഭാവം വാവേ ഉപകരണങ്ങള്‍ക്ക് ചൈനയ്ക്ക് പുറത്തു പ്രതികൂല ഘടകമായി നില്‍ക്കുന്നുമുണ്ട്.

2019 ല്‍ 36 ശതമാനം വിപണി വിഹിതമാണ് സാംസങ്ങിനുള്ളത്. 6.7 ദശലക്ഷം 5 ജി സ്മാര്‍ട്ട്ഫോണുകള്‍ അവര്‍ ലോകമെമ്പാടുമായി വിറ്റഴിച്ചു. 2019 ല്‍ ഏകദേശം 2 ദശലക്ഷം 5 ജി കയറ്റുമതിയുമായി വിവോ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍, ഷിയോമി ( 1.2 ദശലക്ഷം), എല്‍ജി ( 9,00,000) എന്നിവ യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തെത്തി.

സ്ട്രാറ്റജി അനലിറ്റിക്‌സ് ഡയറക്ടര്‍ കെന്‍ ഹിയേഴ്‌സ് പറയുന്നു: 5 ജി സ്മാര്‍ട്ട്ഫോണുകളുടെ ആവശ്യം പ്രതീക്ഷിച്ചതിലും കൂടുതലാണ്. ചൈനയിലെ കടുത്ത വെണ്ടര്‍ മത്സരവും ദക്ഷിണ കൊറിയയിലുടനീളമുള്ള കനത്ത കാരിയര്‍ സബ്സിഡികളുമാണ് 5 ജി ആവശ്യത്തിന്റെ പ്രധാന പ്രേരകങ്ങള്‍. യു.എസും യൂറോപ്പും പോലുള്ള മറ്റ് പ്രദേശങ്ങള്‍ ഈ രംഗത്ത് ഏഷ്യയെക്കാള്‍ പിന്നിലാണ്. പക്ഷേ ഈ വര്‍ഷാവസാനം അവ ഈ വിടവ് നികത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it