പറ്റിക്കാനും എ.ഐ; ഇന്ത്യക്കാര്‍ക്ക് ദിവസവും കിട്ടുന്നത് 12 വ്യാജ സന്ദേശങ്ങള്‍

സാധാരണക്കാര്‍ക്കിടയില്‍ പോലും സൂപ്പര്‍ ഹിറ്റ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ). എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളും വീഡിയോകളും പലരും ഈസിയായി തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. പലരുടെയും സ്മാര്‍ട്ട്‌ഫോണുകളില്‍ എ.ഐ ആപ്ലിക്കേഷനുകള്‍ ഇടം പിടിച്ചു കഴിഞ്ഞു. എന്നാല്‍ എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ സന്ദേശങ്ങള്‍ പലര്‍ക്കും തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് സത്യം. കരുതിയിരുന്നില്ലെങ്കില്‍ എ.ഐ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരില്‍ നിന്ന് എട്ടിന്റെ പണി നിങ്ങള്‍ക്കും കിട്ടും.

കംപ്യൂട്ടര്‍ സെക്യൂരിറ്റി കമ്പനിയായ മക്കഫീയുടെ(McAfee) 'ഗ്ലോബല്‍ സ്‌കാം മെസേജ് സറ്റഡി' പറയുന്നത് ഇന്ത്യക്കാരില്‍ പലര്‍ക്കും ഒരു ദിവസം 12 വ്യാജ സന്ദേശങ്ങള്‍ വരെ ലഭിക്കുന്നുണ്ടെന്നാണ്. ഇതില്‍ പലതും എ.ഐ നിര്‍മിതമാണത്രെ. ഏഴ് രാജ്യങ്ങളിലായി ഏഴായിരത്തോളം പേരില്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യക്കാര്‍ക്കും ഇത്തരത്തിലുള്ള ധാരാളം മെസേജുകള്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞത്.

64 ശതമാനം പേര്‍ക്കും ലഭിക്കുന്നത് തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വ്യാജ സന്ദേശങ്ങളാണത്രെ. 52 ശതമാനം പേര്‍ക്ക് ലഭിക്കുന്നത് ബാങ്ക് അലേര്‍ട്ട് പോലുള്ളവയാണ് ലഭിക്കുന്നത്. എ.ഐ ഉപയോഗിച്ച് വളരെ വിശ്വാസയോഗ്യമായ മെസേജുകളാണ് വ്യാജന്മാര്‍ അയയ്ക്കുന്നത് എന്നാണ് 60 ശതമാനം പേരും പറയുന്നത്. പലരും ക്ലിക്ക് ചെയ്ത് കുഴിയില്‍ വീഴുന്നുമുണ്ട്.

ഫോണിലൂടെയുള്ള വ്യാജ സന്ദേശങ്ങള്‍ക്ക് പുറമെ സോഷ്യല്‍മീഡിയയിലൂടെയും ഇ മെയിലിലൂടെയും സന്ദേശങ്ങള്‍ എത്തുന്നുണ്ട്. ടെക്സ്റ്റ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ അയയ്ക്കുന്ന സന്ദേശം യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് പരിശോധിക്കാനോ തീരുമാനിക്കാനോ ഒരു ശരാശരി ഇന്ത്യക്കാരന്‍ ഓരോ ആഴ്ചയും 105 മിനിറ്റ് ചെലവഴിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.

സ്വയരക്ഷയ്ക്ക് എന്ത്?

സംശയാസ്പദമായ നമ്പറുകളില്‍ നിന്നോ അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നോ വരുന്ന സന്ദേശങ്ങള്‍ തുറക്കാതെ ഇരിക്കുക. നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇ-മെയില്‍ വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ ഇരിക്കുക. അതിശയിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി വരുന്ന ഓഫര്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ ഇരിക്കുക. മാല്‍വെയറിലേക്ക് നയിച്ചേക്കാവുന്ന ലിങ്കുകളാണ് പലതുമെന്ന് മക്കഫീ പറയുന്നു.

ആളുകളെ ആകര്‍ഷിച്ച് വ്യാജ സൈറ്റുകളിലെത്തിക്കുന്ന 'ഫിഷിംഗ്' ഇമെയിലുകളും സന്ദേശങ്ങളും ആണ് പല വ്യാജന്മാരും ഉപയോഗിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ സോഷ്യല്‍ മീഡിയയിലോ ഇ-മെയിലിലോ ഉപയോഗിക്കരുത്. പ്രമുഖ കമ്പനികളെന്നോ ബാങ്കുകളെന്നോ തോന്നിപ്പിക്കുന്ന ഉറവിടങ്ങളെങ്കില്‍ ഉപയോക്താക്കള്‍ നേരിട്ട് പോയി കമ്പനി വെബ്‌സൈറ്റിലോ ബ്രാഞ്ചുകളിലോ സന്ദേശവുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുക. നിങ്ങള്‍ അപേക്ഷിക്കാത്ത, നിങ്ങളുടെ പ്രൊഫൈലുമായി യാതൊരു ബന്ധവുമില്ലാത്ത ജോലി വാഗ്ദാനങ്ങളില്‍ പ്രതികരിക്കാതിരിക്കുക.


Related Articles
Next Story
Videos
Share it