പുതിയ ഹോം സ്‌ക്രീനും പരിഷ്‌കരണങ്ങളുമായി ഐ ഒ എസ് 14 എത്തി

ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ പുതിയ ഐ ഒ എസ് പതിപ്പ് അവതരിപ്പിച്ചു. നവീനമായ ട്രാന്‍സ്ലേഷന്‍ ആപ്പ്, ഐ ഫോണ്‍ ഉപയോഗിച്ച് കാര്‍ അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ പുതിയ ഐ ഒ എസ് 14-ന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.ഹോം സ്‌ക്രീന്‍ കേന്ദ്രീകരിച്ചുള്ളതാണ് പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയിഡിന്റെ 10 ഫീച്ചറുകള്‍ ആപ്പിള്‍ പകര്‍ത്തിയിട്ടുള്ളതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐ ഒ എസ് 13ന്റെ പിന്‍ഗാമിക്ക് പുതിയ രൂപകല്‍പനയിലുള്ള ഐഫോണ്‍ ഹോം സ്‌ക്രീന്‍ ആണുള്ളത്.2007-ല്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഐഫോണിന്റെ ഹോം സ്‌ക്രീനില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല.ആപ്പുകള്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള ആപ്പ് ലൈബ്രറി,പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ, മെച്ചപ്പെട്ട വിഡ്ജെറ്റുകള്‍, പുതിയ സിരി ഇന്റര്‍ഫെയ്സ് തുടങ്ങിയ സവിശേഷതകളുമുണ്ട്.

ആപ്ലിക്കേഷനുകളെ ഓരോ പ്രത്യേക വിഭാഗങ്ങളായി ക്രമീകരിക്കുന്ന പ്രത്യേക പേജ് ആണ് ആപ്പ് ലൈബ്രറി. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവ സോഷ്യല്‍ ആപ്പുകള്‍ എന്ന വിഭാഗത്തിലേക്ക് ക്രമീകരിക്കും. ആപ്പ് ലൈബ്രറി രീതി താല്‍പര്യമില്ലെങ്കില്‍ പഴയ രീതിയില്‍ തന്നെ ഉപയോഗിക്കാം. ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന പല ആപ്ലിക്കേഷനുകളും പ്രത്യേകം വിഭാഗങ്ങളായി ക്രമീകരിക്കുന്ന രീതി പല ആന്‍ഡ്രോയിഡ് ഫോണുകളിലും ഇപ്പോള്‍ത്തന്നെയുണ്ട്.

ഐപാഡ് ഓഎസിലും, മാക് ഓഎസിലും ഉള്ളത് പോലെ പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ ഹോം സ്‌ക്രീനില്‍ ലഭിക്കും. ഇതുവഴി വീഡിയോ കണ്ടുകൊണ്ട് ഫോണില്‍ മറ്റെന്തും ചെയ്യാം. ഫോണ്‍ ചെയ്യുമ്പോഴും ഫെയ്സ്ടൈം ചെയ്യുമ്പോഴും വീഡിയോ പ്രവര്‍ത്തിക്കും. ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. തേഡ് പാര്‍ട്ടി ഇ മെയില്‍ ആപ്പുകളും ബ്രൗസറുകളും ഡിഫോള്‍ട്ട് ആപ്പുകളായി സെറ്റ് ചെയ്യാം. അതായത് ജിമെയല്‍ ആപ്പ് ഐഫോണില്‍ ഡിഫോള്‍ട്ട് ഇ മെയില്‍ ആപ്പ് ആയി ഉപയോഗിക്കാം.

ഫയര്‍ഫോക്സോ ഗൂഗിള്‍ ക്രോമോ ഡിഫോള്‍ട്ട് ഇന്റര്‍നെറ്റ് ബ്രൗസറായോ ഉപയോഗിക്കാം. ഏറെക്കാലമായി ഐഫോണ്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സൗകര്യമാണിത്.ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത ആപ്ലിക്കേഷനുകള്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വഴിയോ ഉപയോഗിക്കാനുള്ള സൗകര്യമാണ് ഐ ഒ എസ് 14-ന്റെ മറ്റൊരു സവിശേഷത. ഐഓഎസ് 13 പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും ഐ ഒ എസ് 14 പ്രവര്‍ത്തിക്കും.അന്തിമ പതിപ്പ് ഐഫോണ്‍ 12 ഫോണിനൊപ്പമായിരിക്കും പുറത്തിറക്കുക. ഐ ഒ എസ് 14-ന്റെ ഡെവലപ്പര്‍ പതിപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പബ്ലിക് ബീറ്റ പതിപ്പ് ജൂലൈയില്‍ പുറത്തിറക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it