Begin typing your search above and press return to search.
5ജി വിപുലീകരണത്തിന്റെ വേഗത കുറച്ച് ജിയോയും എയര്‍ടെല്ലും, കാരണങ്ങള്‍ ഒന്നിലേറെ
ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും തങ്ങളുടെ 5ജി നെറ്റ്‌വർക്കുകൾ വിപുലീകരിക്കുന്നതിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗത്തിലുളള കുറവും ധനസമ്പാദന അവസരങ്ങളിലുളള കുറവും മൂലം ഇരു കമ്പനികളും തങ്ങളുടെ 5ജി നെറ്റ്‌വർക്കുകൾ വിപുലീകരിക്കുന്നതിന്റെ വേഗത കുറച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവിലുള്ള 4ജി ഉപയോക്താക്കളെ വിലയേറിയ 5ജി സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. എയര്‍ടെല്ലിന്റെ ഫീച്ചർ ഫോൺ ഉപയോക്താക്കളെ സ്മാർട്ട്‌ഫോണുകളിലേക്ക് ആകർഷിക്കുന്നതിനായി കമ്പനി അതിന്റെ 4ജി നെറ്റ്‌വർക്ക് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
5ജി വിപുലീകരണം ഇനി ആവശ്യമെങ്കില്‍ മാത്രം
നിലവിൽ 15 ശതമാനമാണ് ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഉപയോഗമുളളത്. 5ജി നെറ്റ്‌വർക്ക് ഉപയോഗം വർധിക്കുന്നതിനെ ആശ്രയിച്ചായിരിക്കും അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുകയെന്ന് ജിയോയുടെ 5ജി ഉപകരണ വിതരണക്കാരായ നോക്കിയയും എറിക്സണും സൂചിപ്പിക്കുന്നു. എയർടെല്ലിൽ നിന്ന് കൂടുതൽ മത്സരം നേരിടുമ്പോൾ ജിയോയുടെ 5ജി നെറ്റ്‌വർക്ക് വിപുലീകരണം കൂടുതല്‍ വേഗതയാര്‍ജിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ കരുതുന്നത്.
ജിയോയുടെ വലിയ 5ജി ഉപയോക്തൃ അടിത്തറയും അതിന്റെ നെറ്റ്‌വർക്കിലെ അധിക ശേഷിയും ഉടനടിയുളള വിപുലീകരണത്തിന്റെ ആവശ്യകത തളളിക്കളയുന്നതാണ്.
ജിയോയുടെ മൂലധന ചെലവ് (കാപെക്‌സ്) ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് കമ്പനിയുടെ മുതിർന്ന മാനേജ്‌മെന്റ് വിലയിരുത്തുന്നത്. അതിനാല്‍ വരും വർഷങ്ങളിൽ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് കരുതുന്നത്. രാജ്യവ്യാപകമായി 5ജി റോൾഔട്ട് പ്രക്രിയ പൂർത്തിയാക്കിയതും നെറ്റ്‌വർക്കിലെ അധിക ശേഷിയുമാണ് മൂലധന ചെലവ് ഉയരാനുളള കാരണം.
അതേസമയം 5ജി അടിസ്ഥാനമാക്കിയുളള ഫിക്സഡ് വയർലെസ് ആക്‌സസ് (FWA) സേവനമായ ജിയോ ഫൈബറിന് ഉപയോക്താക്കള്‍ക്കിടയില്‍ ആവശ്യം വർധിച്ചു വരുന്നതിനാല്‍ കമ്പനിക്ക് അതിന്റെ 5ജി നെറ്റ്‌വർക്കിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടി വരുമെന്നും വിലയിരുത്തലുകളുണ്ട്.
Next Story
Videos