നില മെച്ചപ്പെടുത്തി ജിയോ; പുതുതായി എത്തിയത് 17.6 ലക്ഷം വരിക്കാര്‍

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 2021 ഓക്ടോബര്‍ മാസത്തെ വരിക്കാരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോയിലേക്ക് പുതുതായി 17.6 ലക്ഷം വരിക്കാര്‍ എത്തി. സെപ്റ്റംബര്‍ മാസം ജിയോയ്ക്ക് 1.9 കോടി ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. 42.56 കോടിയാണ് ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം.

അതേ സമയം ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവര്‍ക്ക് യഥാക്രമം 4.89 ലക്ഷം, 9.64 ലക്ഷം വരിക്കാരെ വീതം നഷ്ടമായി. എയടെല്ലിന് 35.39 കോടി വരിക്കാരും വോഡാഫോണ്‍ ഐഡിയക്ക് 26.9 കോടി വരിക്കാരുമാണ് ഉള്ളത്.

രാജ്യത്തെ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഇൻ്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ തന്നെയാണ് മുമ്പില്‍. 4.72 ദശലക്ഷം വരിക്കാരാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്. ജിയോയ്ക്ക് 4.16 ദശലക്ഷവും എയര്‍ടെല്ലിന് 3.98 ദശലക്ഷവും വരിക്കാരുണ്ട്. 220000 പുതിയ ഉപഭോക്താക്കളാണ് ജിയോയിലേക്ക് എത്തിയത്.

വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഇൻ്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ മുമ്പില്‍ ജിയോ ആണ്. ജിയോക്ക് 42.6 കോടി ഉപഭോക്താക്കളുണ്ട്. എയര്‍ടെല്‍-20.4 കോടി, വോഡാഫോണ്‍ ഐഡിയ (12.2 കോടി), ബിഎസ്എന്‍എല്‍-1.9 കോടി എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ എണ്ണം.


Related Articles
Next Story
Videos
Share it