സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ ക്ലാസെടുക്കാന്‍ കേരളം; വീഡിയോ ഡൗണ്‍ലോഡിംഗ് ഉള്‍പ്പെടെ പഠിപ്പിക്കും

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഉപയോഗിക്കാം? വീഡിയോയും ഓഡിയോയും ഫോട്ടോയും ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ? ഈ വിഷയങ്ങളിലെല്ലാം ക്ലാസെടുക്കാന്‍ ഒരുങ്ങുകയാണ് കേരളം. 2024 നവംബര്‍ ഒന്നോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇത്തരം അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

വീഡിയോ/ഓഡിയോ കോളുകള്‍ കൈകാര്യം ചെയ്യല്‍, സോഷ്യല്‍ മീഡിയയുടെ ഉപയോഗം, ബാങ്ക് അക്കൗണ്ട് ഡിജിറ്റലായി കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം തുടര്‍ നടപടികള്‍ ആലോചിച്ചിരുന്നു. നടപടികളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തന്നെ ഒരു സമിതിയുമുണ്ടാകും. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷര പഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയാണ്. ഇവിടെ നടപ്പാക്കിയ മോഡലാണ് സംസ്ഥാനമെമ്പാടും പിന്തുടരാന്‍ ആലോചിക്കുന്നത്.
എല്ലാവര്‍ക്കും 'ഡിജിറ്റല്‍' സാക്ഷരത
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സ്വാധീനം ശക്തമായ കാലമാണിത്. ഈ സാഹചര്യത്തില്‍, ഇത് സംബന്ധിച്ച അറിവും അവബോധവും എല്ലാവരിലും ഉറപ്പാക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നമിടുന്നത്. ഇതിനായി സംസ്ഥാനത്ത് വിവരശേഖരണം നടത്തും. മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലും സജ്ജമാക്കും. ഏപ്രില്‍ ഒന്നുമുതല്‍ ജൂലൈ 31 വരെയായിരിക്കും ഈ വിഷയങ്ങളിലെ പരിശീലനം.
കുടുംബശ്രീ, എന്‍.എസ്.എസ്., എന്‍.സി.സി അംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവയുടെ സഹകരണം ഇതിനായി ഉറപ്പുവരുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല തലങ്ങളിലെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബറിലും സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബര്‍ ഒന്നിനും നടക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it