പരമ്പരാഗത കോഴ്‌സുകള്‍ക്ക് വിട: വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന ഹോട്ട് കോഴ്‌സുകളേത്?

പ്ലസ്ടു കഴിഞ്ഞാല്‍ എന്‍ജിനീയറിംഗ് എല്ലെങ്കില്‍ മെഡിസിനിലേക്ക് തിരിഞ്ഞിരുന്ന കാലം പോയി മറഞ്ഞു. ഇന്ന് അധികമാരും പോകാത്ത വഴികളാണ് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്നത്. ട്രെന്‍ഡിന് പിന്നാലെ പോകാതെ ഭാവിയില്‍ സാധ്യതകളുള്ള കോഴ്‌സുകളെക്കുറിച്ച് ഏറെ ഗവേഷണം നടത്തി അതില്‍ തനിക്ക് ഏറെ അഭിരുചിയുള്ള മേഖലകള്‍ തെരഞ്ഞെടുക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

റോബോട്ടിക്‌സ് മുതല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വരെ നീളുകയാണ് വിദ്യാര്‍ത്ഥികളുടെ പുതിയ താല്‍പ്പര്യങ്ങള്‍.
ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ എക്‌സ്‌ചേഞ്ച് ആണ് ഇന്ത്യയിലെയും യു.എസിലെ മറ്റ് ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ ഈ മാറുന്ന അഭിരുചികള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിദേശത്ത് പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും ഏറെ മാറിയിരിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതലായി തെരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍:

റോബോട്ടിക്‌സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വന്ന കുതിച്ചുചാട്ടമാണ് റോബോട്ടിക്‌സ് പ്രധാന പഠനശാഖയായി ഉയര്‍ന്നുവന്നതിന് കാരണം.

ഓട്ടോമേഷന്‍: നാലാം ഇന്‍ഡസ്ട്രിയല്‍ വിപ്ലവത്തോടെ എല്ലാ ബിസിനസ് മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഓട്ടോമേഷന്‍. ഏതു മേഖലയിലേയും ബുദ്ധിമുട്ടേറിയതും ആവര്‍ത്തനം നിറഞ്ഞതും അപകടകരവുമായ ജോലികളില്‍ ഓട്ടോമേഷന്റെ സാധ്യതകള്‍ ഏറുകയാണ്.

മെക്കാട്രോണിക്‌സ്: എന്‍ജിനീയറിംഗിന്റെ ഏറ്റവും പുതിയ ശാഖകളിലൊന്നാണിത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ് തുടങ്ങിയ എന്‍ജിനീയറിംഗ് ശാഖകള്‍ ചേര്‍ന്ന വിഭാഗമാണിത്. ഈ രംഗത്ത് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓട്ടോമേഷന്‍, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം അവസരമുണ്ട്.

ഡിസബിലിറ്റി പ്രോഗ്രാമുകള്‍: ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഒരു ബില്യണ്‍ ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള ഡിസബിലിറ്റി അനുഭവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഡിസബിലിറ്റി പ്രോഗ്രാമുകളുടെ ഡിമാന്റ് വിവിധ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുകയാണ്. ഓസ്‌ട്രേലിയയില്‍ ഹെല്‍ത്ത് കെയര്‍ & സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലയില്‍ 2025ഓടെ 250,500 പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്ക്. സ്പീച്ച് തെറാപ്പിസ്റ്റ് പോലുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച ഡിമാന്റാണ് വരുന്നത്.

ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍: ആശുപത്രികള്‍, ആരോഗ്യപരിചരണ സ്ഥാപനങ്ങള്‍, ലാബുകള്‍ തുടങ്ങിയിടങ്ങളില്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍. ഈ രംഗത്ത് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ മുതല്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ വരെയുണ്ട്.

ഇവ കൂടാതെ ജിയോഫിസിക്‌സ്, മറൈന്‍ എന്‍ജിനീയറിംഗ്, ഗെയിം ഡിസൈന്‍ & ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളും ഉയര്‍ന്നുവരുന്നുണ്ട്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it