ഇത് കേറ്റീ ബൗമൻ, ചരിത്രമായ ആ തമോഗർത്ത ചിത്രത്തിന് പിന്നിലെ യുവ ശാസ്ത്രജ്ഞ
ചരിത്രത്തിലാദ്യമായി തമോഗർത്തം (ബ്ലാക്ക് ഹോൾ) എന്ന ആ പ്രപഞ്ച രഹസ്യം കാമറക്കണ്ണുകളിൽ പതിഞ്ഞതിന്റെ ആഘോഷത്തിലാണ് ശാസ്ത്രലോകം. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു, കേറ്റീ ബൗമൻ.
തമോഗർത്തത്തിന്റെ ചിത്രം പുറത്തുവന്നതിന് ശേഷം ഇപ്പോൾ കേറ്റീയാണ് സോഷ്യൽ മീഡിയയിലെ താരം.തമോഗർത്തത്തിന്റെ ചിത്രം പകർത്താൻ ഉപയോഗിച്ച ഇവന്റ് ഹൊറൈസൺ ടെലിസ്‌കോപ്പുകളുടെ അൽഗോരിതം വികസിപ്പിച്ചത് ഈ എംഐടി ബിരുദധാരിയാണ്. കേറ്റീയുടെ പ്രോഗ്രാമാണ് ഇന്ന് ചരിത്രപ്രധാനമായ ഈ പ്രോജക്റ്റിന്റെ വിജയത്തിന് പിന്നിൽ.
2016-ൽ നടത്തിയ ടെഡ് ടോക്കിൽ, 'How to take a picture of a black hole' എന്നതിനെക്കുറിച്ച് അവർ വിശദീകരിക്കുന്നുണ്ട്. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ചിത്രം തയ്യാറാകുമെന്ന് കേറ്റീ അന്ന് പറഞ്ഞിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ 'ഇന്റര്‍സ്‌റ്റെല്ലാറി'നെക്കുറിച്ചും അവർ അതിൽ പരാമർശിക്കുന്നുണ്ട്.
ലോകത്തിന്റെ പലഭാഗത്തുള്ള ശാസ്ത്രജ്ഞർ 2012 ൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾഫലം കണ്ടിരിക്കുന്നത്.
ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൺ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. ഭൂമിയിൽ നിന്നു 5 കോടി പ്രകാശവർഷം അകലെയുള്ള ‘മെസിയോ 87’ നക്ഷത്രസമൂഹത്തിലെ തമോഗർത്തത്തെയാണു ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സൂര്യന്റെ 650 മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം.
വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം തമോഗർത്തത്തെ ആവരണം ചെയ്തിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രകാശം അകത്തേക്കു വലിച്ചെടുക്കുന്നതിനാൽ തമോഗർത്തത്തിന്റെ ചിത്രം ഇതുവരെയാർക്കും പകർത്താൻ സാധിച്ചിരുന്നില്ല.
2017 ഏപ്രിലിൽ ഹവായ്, അരിസോണ, സ്പെയിന്‍, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം.