ഒറ്റയടിക്ക് 11,000 പേരുടെ ജോലി പോയി!

ഐടി രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. പല മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കും പിന്നാലെ ഫെയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റയും വലിയൊരു പിരിച്ചുവിടല്‍ നടത്തിയെന്നാണ് പുതിയ വാര്‍ത്ത. മെറ്റ (Meta Platforms Inc) പ്ലാറ്റ്‌ഫോം ഒറ്റയടിക്ക് 11000 പേരെ പിരിച്ചുവിട്ടെന്നും ഉടന്‍ പുതിയ നിയമങ്ങള്‍ നടത്തില്ലെന്നുമാണ് മാര്‍ക്ക് സക്കര്‍ബെര്‍ഗ് പറയുന്നത്.

ഈ പിരിച്ചുവിടലിന് ക്ഷമാപണവും സക്കര്‍ബെര്‍ഗ് കുറിപ്പിലൂടെ പങ്കുവച്ചു.
"I want to take accountability for these decisions and for how we got here," Zuckerberg said in the statement that was sent to Meta employees and posted on the company's website. "I know this is tough for everyone, and I'm especially sorry to those impacted."

ഇങ്ങനെയാണ് സക്കര്‍ബെര്‍ഗിന്റെ കുറിപ്പ്.
മെറ്റ ഇന്ത്യയുടെ മേധാവി രാജിവച്ചതിനുശേഷമാണ് ഈ പുതിയ പിരിച്ചുവിടല്‍ വാര്‍ത്തയും പുറത്തുവരുന്നത്. മെറ്റ ഇന്ത്യയുടെ തലവനായ അജിത് മോഹന്‍ അപ്രതീക്ഷിത രാജി സമര്‍പ്പിച്ചത് നവംബര്‍ ആദ്യവാരമാണ്. മെറ്റ ഇന്ത്യയില്‍ നിന്നും രാജിവച്ച് ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും മുഖ്യ എതിരാളിയായ സ്നാപ്ചാറ്റിലേക്ക് ചേരാനാണ് പടിയിറക്കമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യു എസിൽ ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
ഒക്‌റ്റോബര്‍ അവസാനവാരമാണ് വിപണിമൂല്യത്തില്‍ ടോപ് 20 കമ്പനികളില്‍ നിന്നുപോലും മെറ്റ പുറത്തായവാര്‍ത്ത ലോകം അറിയുന്നത്. ഈ വര്‍ഷം തുടങ്ങുമ്പോള്‍ വിപണി മൂല്യത്തില്‍ ലോകത്ത് ആറാമനായിരുന്ന മെറ്റയാണ് വിപണി മൂല്യത്തില്‍ ആദ്യ 20ല്‍ പോലും പുറത്തായത്. 900 ബില്യണിന് മുകളില്‍ വിപണിമൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം വെറും 263.22 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഇതുവരെ മൂല്യത്തില്‍ ഉണ്ടായത് 677 ബില്യണ്‍ ഡോളറിന്റെ ഇടിവാണ്.
10 മാസം കൊണ്ട് 70 ശതമാനത്തിലധികം ആണ് മെറ്റ ഓഹരികൾ ഇടിഞ്ഞത്. വിപണി മൂല്യത്തിന്റെ കണക്കില്‍ ഇപ്പോള്‍ ഇരുപത്തിയാറാമതാണ് ഫേസ്ബുക്ക് കമ്പനി. സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്സ് സ്വപ്നങ്ങളില്‍ വിശ്വസമില്ലാത്ത നിക്ഷേപകര്‍ ഓഹരികള്‍ ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ജൂലൈ-ഓഗസ്റ്റിലെ മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ച ലാഭം നേടാനാകാത്തത് വില്‍പ്പനക്കാരുടെ എണ്ണം ഉയര്‍ത്തി.
മൂന്നാം പാദത്തില്‍ 27.7 ബില്യണ്‍ ഡോളറാണ് മെറ്റയുടെ വരുമാനം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. ആറ്റാദായം 52 ശതമാനം ഇടിവോടെ 4.4 ബില്യണ്‍ ഡോളറിലെത്തി. അതേ സമയം കമ്പനിയുടെ ചെലവ് 19 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ മെറ്റാവേഴ്‌സ് പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ലാബ് ഡിവിഷന്റെ നഷ്ടം 1.1 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 3.7 ബില്യണ്‍ ഡോളറായി. മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം കമ്പനിയുടെ മെറ്റാവേഴ്സ് പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് കൊണ്ട് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചുകാലത്തെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മെറ്റ കമ്പനിക്കും സക്കര്‍ബര്‍ഗിനും അത്ര സുഖകരമല്ലാത്ത സമയമാണിത്. എന്നാല്‍ മെറ്റ ഇതുപുറത്തുവിടുന്നില്ലെന്നുമാത്രം. ഇപ്പോഴുള്ള ഈ കൂട്ടപ്പിരിച്ചുവിടല്‍ മുമ്പ് കമ്പനി സൂചിപ്പിച്ചതായും വാര്‍ത്തകളുണ്ട്. സെപ്റ്റംബറില്‍ അധികചെലവുകള്‍ നിയന്ത്രിക്കാനായി കമ്പനി പദ്ധതിയിടുന്നതായി സക്കര്‍ബെര്‍ഗ് പറഞ്ഞിരുന്നു. അത് കമ്പനിയുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ കൂടിയായിരിക്കാമെന്നാണ് വാര്‍ത്തകള്‍. കമ്പനിയുടെ 13 ശതമാനത്തോളം വരും ഇപ്പോഴുള്ള ഈ പിരിച്ചുവിടല്‍. വരും ദിവസങ്ങളില്‍ ഇത് തുടരുമോ എന്നതും വ്യക്തമല്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it