ചൈനാ വിരുദ്ധ വികാരത്തില്‍ തിരിച്ചുവരവിനുള്ള ചുവടു വയ്പ്പുമായി മൈക്രോമാക്‌സ്

ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷം മുറുകിയതോടെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വന്നതിനു പിന്നാലെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ് തിരിച്ചു വരവിന് തയ്യാറെടുക്കുന്നതായി സൂചന. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് എന്ന വികാരം പരമാവധി പ്രയോജപ്പെടുത്താനാണ് മൈക്രോമാക്‌സിന്റെ നീക്കം.

'ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ബദലായി നിങ്ങള്‍ പോക്കറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയാല്‍ പിന്തുണയ്ക്കാം' എന്ന ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ കമന്റിന് മറുപടിയായി ' നല്ല വാര്‍ത്തയുമായി ഞങ്ങള്‍ ഉടനെത്തും' എന്നാണ് മൈക്രോമാക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചത്. അതിന് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നു. അടുത്ത മാസം തന്നെ പുത്തന്‍ മൈക്രോമാക്‌സ് ഫോണുകള്‍ വില്പനയ്‌ക്കെത്തും എന്ന് തുടര്‍ന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആധുനിക രൂപ ഭാവങ്ങളില്‍ പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞ 3 മോഡലുകളാണ് പുതുതായി മൈക്രോമാക്‌സ് വില്പനക്കെത്തിക്കുക. 3 ഫോണുകള്‍ക്കും 10,000-ല്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണുകളില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു സാധാരണക്കാരുടെ പോക്കറ്റിലൊതുങ്ങുന്ന മൈക്രോമാക്സ്. വളരെ പെട്ടെന്നായിരുന്നു മൈക്രോമാക്സ് വളര്‍ന്നത്. കൂടുതല്‍ ഫീച്ചറുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കി ജനപ്രിയത ഏറ്റുവാങ്ങി കമ്പനി. വിപണി സാഹചര്യം കൃത്യമായി മനസിലാക്കി മുന്നേറി. നോകിയ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായാണ് മൈക്രോമാക്സ് ഇന്‍ഫോമാറ്റിക്സ് കടന്നുവന്നത്. പേ ഫോണുകള്‍ക്കായിരുന്നു അന്ന് വന്‍ ഡിമാന്റ്. നോകിയ പേ ഫോണ്‍ ബിസിനസ് അവസാനിപ്പിച്ചപ്പോള്‍ മൈക്രോമാക്സ് സ്വന്തം നിലയില്‍ തന്നെ ചൈനയില്‍ നിന്ന് ഫോണുകളുടെ ഇറക്കുമതി തുടങ്ങി. ഇത് മൈക്രോമാക്സ് എന്ന ബ്രാന്റ് നെയിമില്‍ ഇന്ത്യന്‍ വിപണിയിലെത്തി.

മൈക്രോമാക്സിന്റെ ഈ വിജയമാണ് ചൈനീസ് കമ്പനികളെ ഇന്ത്യന്‍ വിപണികളെ കുറിച്ച് ചിന്തിപ്പിച്ചത്. വിശാല വിപണിയില്‍ കുറഞ്ഞ വിലയില്‍ സ്വന്തം ബ്രാന്റുകള്‍ ചൈന തന്നെ ഇറക്കാന്‍ തുടങ്ങിയപ്പോള്‍ മൈക്രോമാക്സിന് ആദ്യത്തെ തിരിച്ചടി ആരംഭിക്കുകയായി. എന്നാല്‍ പിന്നീട് സാംസങ് പോലെ വന്‍വിലയുള്ള സ്മാര്‍ട്ട് ഫോണുകളെ തള്ളിമാറ്റി ചൈനീസ് കമ്പനികള്‍ കുതിച്ചപ്പോള്‍ മൈക്രോമാക്സ് ഏറെക്കുറെ അപ്രത്യക്ഷമായി. പുതിയ ഫീച്ചറുകള്‍ കണ്ടെത്തി സ്വയം വിപണിയിലെത്തിക്കാന്‍ കമ്പനി ശ്രമിച്ചില്ല. ചൈനയില്‍ നിന്നുള്ളവ റീപാക്ക ചെയ്ത് പുറത്തിറക്കുകയാണ് ചെയ്തത്.

റീബ്രാന്‍ഡ് ചെയ്ത ചൈനീസ് ഫോണുകള്‍ വിലക്കുറവില്‍ ഇന്ത്യയില്‍ എത്തിച്ച് വിപണി പിടിച്ച ചരിത്രം മറക്കേണ്ടിവരും മൈക്രോമാക്‌സിന്. മൈക്രോമാക്‌സിന്റെ സബ്-ബ്രാന്‍ഡായി 2014-ല്‍ അവതരിപ്പിച്ച യു ടെലിവെഞ്ച്വേഴ്സ് യഥാര്‍ത്ഥത്തില്‍ ചൈനീസ് കമ്പനിയായ കൂള്‍പാഡിന്റെ ഫോണുകള്‍ ആണ് റീബ്രാന്‍ഡ് ചെയ്തു വില്പനക്കെത്തിച്ചത്. പിന്നീട് കൂള്‍പാഡ് സ്വന്തമായി ഇന്ത്യന്‍ വിപണിയിലെത്തി.2014-ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്ന പത്താമത് കമ്പനി ആയിരുന്നു മൈക്രോമാക്‌സ്.

2014-15ല്‍ സിഇഓ സഞ്ജയ് കപൂര്‍ ബാംഗ്ലൂരില്‍ നിന്ന് മൈക്രോമാക്സിന് ആര്‍ ആന്റ് ഡി വിഭാഗം തുറന്നു. സ്വന്തം സോഫ്റ്റ് വെയറുകള്‍ സൃഷ്ടിക്കാനായിരുന്നു അദേഹത്തിന്റെ പദ്ധതി. നൂറോളം എഞ്ചിനീയര്‍മാരെ നിയമിക്കുകയും ചെയ്തു. ഇത് നടന്നിരുന്നുവെങ്കില്‍ മൈക്രോമാക്സിന്റെ തലവര മറ്റൊന്നായേനേ. എന്നാല്‍ പുതിയ തീരുമാനത്തിന് നേരെ മൈക്രോമാക്സിന്റെ മാനേജ്മെന്റ് പുറംതിരിഞ്ഞുവെന്ന് മാത്രമല്ല, സിഇഓയെ പുറത്താക്കുകയും ചെയ്തു. ഇത് കമ്പനിക്കു വലിയ തിരിച്ചടിയായി. 4ജി സവിശേഷത മുതലാക്കാനുള്ള ടെക്നോളജി മൈക്രോമാക്സ് അടക്കമുള്ള കമ്പനികള്‍ക്ക് ഇല്ലാതെ പോയി.

മൈക്രോമാക്സിന്റെ 70 % ഫോണുകളും 3 ജി ശേഷിയുള്ളവയായിരുന്നു. മറ്റ് ബ്രാന്റുകള്‍ വിപണി കീഴടക്കിയ ശേഷം വളരെ വൈകിയാണ് മൈക്രോമാക്സ് 4ജി മേഖലയിലെത്തിയത്. അതു സഫലമായില്ല. അയ്യായിരം മുതല്‍ പതിനായിരം രൂപാ വരെ വിലയുള്ള ഫോണുകളായിരുന്നു മൈക്രോമാക്സ് വിപണിയിലെത്തിച്ചിരുന്നത്. ഈ വിലനിലവാരത്തില്‍ മികച്ച ഫീച്ചറുകളുള്ള വിദേശ ബ്രാന്റുകള്‍ക്കൊപ്പം മത്സരിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. പ്രീമിയം ഫോണ്‍ സെഗ്മെന്റിലേക്ക് മാറാന്‍ മൈക്രോമാക്സ് തയ്യാറായതുമില്ല.ഇപ്പോഴും വിപണിയിലുണ്ടെങ്കിലും പ്രതാപകാലത്തിന്റെ ഒരു ശതമാനം പോലും വിപണി വിഹിതം മൈക്രോമാക്‌സിനില്ല. എന്തായാലും തലവര മാറ്റാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it