ഇന്ത്യന്‍ യുവജനങ്ങള്‍ക്കായി ഫ്യൂച്ചര്‍ റെഡി ടാലന്റ് പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്

രാജ്യത്തെ യുവജനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്യൂച്ചര്‍ റെഡി ടാലന്റ് പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. 1.5 ലക്ഷം പേര്‍ക്കാണ് പരിപാടിയുടെ ഭാഗമാവാന്‍ സാധിക്കുക. തൊഴില്‍ അവസരത്തിനായി ഇന്ത്യയിലെ യുവാക്കളെ സാങ്കേതിക വൈദഗ്ധ്യമുള്ളവരാക്കാന്‍ വിവിധ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ഫ്യൂച്ചര്‍ റെഡി ടാലന്റ് പ്രോഗ്രാം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് ഇന്ത്യ അറിയിച്ചു. കോളേജിലെ രണ്ടാം വര്‍ഷവും അതിനു മുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സഹകരണ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022-24 വര്‍ഷങ്ങള്‍ക്കിടയില്‍ 1.5 ലക്ഷത്തിലധികം ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളെ പ്രോഗ്രാമിന്റെ ഭാഗമാക്കും.

മൈക്രോസോഫ്റ്റ് ലേണ്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലൂടെ പഠന മൊഡ്യൂളുകളും സര്‍ട്ടിഫിക്കേഷനുകളും നല്‍കും. പാഠ്യപദ്ധതി ദേശീയ വിദ്യാഭ്യാസ നയമായ എഐസിടിഇ 2020ന്റെ അടിസ്ഥാനത്തിലായിരിക്കും പ്രോഗ്രാം ഒരുക്കുക. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ), ഫ്യൂച്ചര്‍സ്‌കില്‍സ് പ്രൈം, ഏണസ്റ്റ് ആന്‍ഡ് യംഗ്, ഗിറ്റ്ഹബ്, ക്വസ് കോര്‍പ്പ് തുടങ്ങിയവയുമായി കൈകോര്‍ത്താണ് പ്രോഗ്രം നടത്തുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ ചേരുന്നവര്‍ക്കും, 2021 ല്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഫ്യൂച്ചര്‍ റെഡി ടാലന്റ് വെബ്‌സൈറ്റ് വഴി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ഓപ്പണ്‍ ബാച്ചുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും കഴിയും. ആദ്യ ബാച്ച് 2021 സെപ്റ്റംബര്‍ 15 ന് ആരംഭിക്കും. 50,000 വിദ്യാര്‍ത്ഥികളുമായി സെപ്റ്റംബര്‍ 27 ന് ഇന്റേണ്‍ഷിപ്പ് ആരംഭിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it