മൊബീൽ കണക്ഷന് ഇനി ആധാർ വേണ്ട; പകരം വെർച്വൽ ഐ.ഡി

പുതിയ മൊബീൽ കണക്ഷൻ എടുക്കാൻ ഇനി മുതൽ കമ്പനികൾ ആധാർ വെരിഫിക്കേഷൻ നടത്തേണ്ടതില്ലെന്ന് കേന്ദ്ര ടെലികോം വകുപ്പ്. ഇതുവരെ കെ.വൈ.സി ചട്ടങ്ങൾ പാലിച്ചുള്ള ഉപഭോക്താവിന്റെ ഐഡെന്റിറ്റി നിർണയത്തിന് ആധാർ നിർബന്ധമായിരുന്നു.

എന്നാൽ അതിനു പകരം ഒരു വെർച്വൽ ഐ.ഡി ഉപയോഗിച്ച് കസ്റ്റമർ വെരിഫിക്കേഷൻ നടത്താനാണ് ടെലികോം വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ നിർദ്ദേശിക്കുന്നത്. കമ്പനികളോട് ജൂലൈ ഒന്നുമുതൽ വെർച്വൽ ഐ.ഡി വഴിയുള്ള 'ലിമിറ്റഡ് കെവൈസി' വെരിഫിക്കേഷനിലേയ്ക്ക് മാറാൻ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ സ്വകാര്യതയും, ആധാർ നമ്പറിന്റെ സുരക്ഷയും കണക്കിലെടുത്ത് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) വെർച്വൽ ഐ.ഡി എന്ന ആശയം മുന്നോട്ടു വച്ചത്.

ഉപഭോക്താക്കളുടെ ആധാർ നമ്പറോ വെർച്വൽ ഐ.ഡിയോ മൊബീൽ കമ്പനികൾ ശേഖരിച്ച് സൂക്ഷിക്കാൻ പാടുള്ളതല്ല എന്നും സർക്കുലർ പറയുന്നു. പകരം, വെർച്വൽ ഐ.ഡിയോ ആധാർ നമ്പറോ ഉപയോഗിച്ചുള്ള കസ്റ്റമർ ഓഥെന്റിക്കേഷനു ശേഷം ലഭിക്കുന്ന 'യുഐഡി ടോക്കൺ' കമ്പനികൾക്ക് തങ്ങളുടെ ഡേറ്റ ബേസിൽ സേവ് ചെയ്ത് വെക്കാം.

വിവിധ ഏജൻസികൾ ആധാർ നമ്പറുകൾ ശേഖരിക്കുന്നത് തടയാനാണ് ഈ പുതിയ സംവിധാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it