ഇനി ഫോണ്‍പേ തരും നിങ്ങള്‍ക്ക് യോജിച്ച ഇന്‍ഷുറന്‍സ് പോളിസി!

ഡിജിറ്റല്‍ പേയ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫിന്‍ടെക് ആയ ഫോണ്‍പേയ്ക്ക് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലൈസന്‍സ് ലഭിച്ചതോടെ ഇടപാടുകാര്‍ക്ക് കസ്റ്റമസൈഡായി ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഇനി മുതല്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷമാണ് ഫോണ്‍പേ, ഇന്‍ഷുറന്‍സ് കോര്‍പ്പറേറ്റ് ഏജന്റ് ലൈസന്‍സ് നേടി ഇന്‍ഷുര്‍ ടെക് മേഖലയിലേക്ക് കൂടി കടന്നുവന്നത്. ഇപ്പോള്‍ ഐആര്‍ഡിഎഐയില്‍ നിന്ന് ബ്രോക്കിംഗ് ലൈസന്‍സ് കൂടി സ്വന്തമാക്കിയതോടെ രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും എല്ലാ ഉല്‍പ്പന്നങ്ങളും ഫോണ്‍പേയ്ക്ക് വിതരണം ചെയ്യാം.

രാജ്യത്തെ അതിവേഗം വളരുന്ന ഇന്‍ഷുര്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ യാത്രയിലെ നിര്‍ണായക വഴിത്തിരിവാണ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലൈസന്‍സെന്ന് ഫോണ്‍പേ വൈസ് പ്രസിഡന്റും ഇന്‍ഷുറന്‍സ് ഹെഡ്ഡുമായ ഗുഞ്ചന്‍ ഘായ് അഭിപ്രായപ്പെട്ടു.

ഇടപാടുകാരുടെ എല്ലാവിധ ഇന്‍ഷുറന്‍സ് ആവശ്യങ്ങളും നിറവേറ്റുന്ന വണ്‍ സ്‌റ്റോപ്പ് ഷോപ്പായി മാറുകയാണ് ഫോണ്‍പേയുടെ ലക്ഷ്യം. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന ഫിന്‍ടെക് കമ്പനിയായി ഏറെ വൈകാതെ ഫോണ്‍പേ മാറിയേക്കും.

പണം അയക്കാനും കൈപ്പറ്റാനും മാത്രമല്ല ഇടപാടുകാരുടെ പണം മാനേജ് ചെയ്യാനും കൃത്യമായ സാമ്പത്തിക നിര്‍ദേശങ്ങളിലൂടെ സമ്പത്ത് വളര്‍ത്താനുമുള്ള പങ്കാളികളായി രാജ്യത്തെ ഫിന്‍ടെക് കമ്പനികള്‍ വളരുകയാണ്. ഫോണ്‍പേയും ഈ ലക്ഷ്യമാണ് മുന്നില്‍ വെച്ചിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it