കാത്തിരുന്ന വണ്‍പ്ലസ് 10 പ്രൊ എത്തി; വിലയും സവിശേഷതകളും

ഈ വര്‍ഷം ആദ്യം ചൈനീസ് വിപണിയില്‍ എത്തിയ വണ്‍പ്ലസ് 10 പ്രോ, ഒടുവില്‍ ഇന്ത്യലേക്ക്. ഏപ്രില്‍ 5 മുതല്‍ ആമസോണിലൂടെയും വണ്‍പ്ലസ് സ്റ്റോറിലൂടെയും ഫോണ്‍ സ്വന്തമാക്കാം. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 66,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 71,999 രൂപയ്ക്കും ലഭിക്കും. എമറാള്‍ഡ് ഫോറസ്റ്റ്, വോള്‍ക്കാനിക്ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വണ്‍പ്ലസ് 10 പ്രൊ ലഭ്യമാവും. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വണ്‍പ്ലസ് 9 പ്രൊയ്ക്ക് 64,999 രൂപ മുതലായിരുന്നു വില.

Oneplus pro സവിശേഷതകള്‍
6.7 ഇഞ്ചിന്റെ QHD+ Fluid AMOLED ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് 10 പ്രൊയ്ക്ക് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന് 1 ഒക്ടാകോര്‍ പ്രൊസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. 48 എംപിയുടെ സോണി IMX789 പ്രൈമറി സെന്‍സര്‍, സാംസംഗിന്റെ 50 എംപിയുടെ ISOCELL J1 150 ഡിഗ്രി അള്‍ട്രാവൈഡ് സെന്‍സര്‍, 8 എംപിയുടെ ടെലിഫോട്ടോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പാണ് വണ്‍പ്ലസ് 10 പ്രൊയ്ക്ക്. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളാണ് ഈ ഫ്‌ലാഗ്ഷിപ്പ് മോഡലില്‍ വണ്‍പ്ലസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്‍-ഡിസ്‌പ്ലെ ആയാണ് ഫിംഗര്‍പ്ലിന്റ് സെന്‍സറിന്റെ സ്ഥാനം. 80 വാട്ട് superVOOC, 50 വാട്ട് airVOOC വയര്‍ലെസ് ചാര്‍ജിങ്ങും പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് ഫോണിന്. പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ആകാന്‍ 32 മിനിട്ട് സമയം മാത്രം മതിയെന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്. വയര്‍ലെസ് ചാര്‍ജിങ്ങില്‍ 47 മിനിട്ടാണ് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം. 201 ഗ്രാമാണ് ഫോണിന്റെ ഭാരം.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it