ബാറ്ററി ചാര്‍ജ് പെട്ടെന്ന് കുറയുന്നോ? ഈ വഴികള്‍ പരീക്ഷിക്കൂ

സ്ഥിരം യാത്ര ചെയ്യേണ്ടിവരുന്നവരുടെ പേടിസ്വപ്‌നമാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ് കുറയുന്നത്. മുന്‍കാലങ്ങളിലേതിനെ അപേക്ഷിച്ച് ശക്തിയുള്ള ബാറ്ററികളാണ് ഇപ്പോഴത്തെ ഫോണുകളില്‍ ഉപയോഗിക്കുന്നതെങ്കിലും സ്ഥിരമുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ആപ്ലിക്കേഷനുകളുടെ വ്യാപകമായ ഉപയോഗവും മൂലം ബാറ്ററി ലൈഫ് പെട്ടെന്ന് കുറയുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

സ്വിച്ച് ഓഫ് ജിപിഎസ്

ആവശ്യമില്ലാത്തപ്പോഴൊക്കെ ജിപിഎസ് ഓഫ് ചെയ്തിടാം. ഇതുവഴി 2-3 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് കൂടും.

വൈ-ഫൈ ഉപയോഗിക്കുക

ഇന്ത്യയിലെ നെറ്റ്‌വര്‍ക് കണക്ഷനുകള്‍ ദുര്‍ബലമായതിനാല്‍ മൊബീല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ ബാറ്ററി പെട്ടെന്ന് തീരും. വൈ-ഫൈ ലഭിക്കുന്നിടത്താണ് നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍ അത് ഉപയോഗിച്ചാല്‍ ബാറ്ററി സേവ് ചെയ്യാനാകും. ഇന്റര്‍നെറ്റ് ആവശ്യമില്ലെങ്കില്‍ വൈ-ഫൈയും വേണ്ട.

വൈബ്രേഷന്‍ വേണ്ട

ഫോണില്‍ ടൈപ്പ് ചെയ്യുമ്പോഴും കപ്പാസിറ്റീവ് ബട്ടണുകളില്‍ ടാപ് ചെയ്യുമ്പോഴും മറ്റുമുള്ള ചെറിയ വൈബ്രേഷന്‍ നമുക്കിഷ്ടമാണ്. എന്നാല്‍ അവ ഓഫ് ചെയ്തിട്ടാല്‍ വലിയ അളവില്‍ ബാറ്ററി ചാര്‍ജ് ലാഭിക്കാം.

എയര്‍പ്ലെയ്ന്‍ മോഡ്

ബാറ്ററി ചാര്‍ജ് വളരെ കുറവുള്ളപ്പോള്‍ പലരും ഫോണ്‍ ഓഫ് ചെയ്യുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വീണ്ടും ഓണാക്കുമ്പോള്‍ നല്ല അളവില്‍ ചാര്‍ജ് നഷ്ടപ്പെടും. ചാര്‍ജ് കുറവുള്ളപ്പോഴും നെറ്റ്‌വര്‍ക് സിഗ്നലുകള്‍ ദുര്‍ബലമായിരിക്കുമ്പോഴും ഒക്കെ എയര്‍പ്ലെയ്ന്‍ മോഡിലിടുക.

ഓട്ടോ ബ്രൈറ്റ്‌നസ്

എല്ലാ ഫോണിലും തന്നെ ഓട്ടോ ബ്രൈറ്റ്‌നസ് ഓപ്ഷനുണ്ടാകും. പുറത്തെ വെളിച്ചം അനുസരിച്ച് സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിക്കുന്ന ഈ സംവിധാനം ചാര്‍ജ് സേവ് ചെയ്യാന്‍ ഏറെ സഹായിക്കും.

അനാവശ്യമായ ആപ്പുകള്‍ വേണ്ട

ചില ആപ്ലിക്കേഷനുകള്‍ ബാറ്ററി ലൈഫ് ഊറ്റിയെടുക്കുന്നവയാണ്. ഉപയോഗമില്ലാത്ത ആപ്പ്‌സ് പരമാവധി ഒഴിവാക്കുക. സെറ്റിംഗ്‌സില്‍ ബാറ്ററിയുടെ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഓരോ ആപ്പും എത്രമാത്രം ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്ന് അറിയാന്‍ കഴിയും. ബാറ്ററി സേവര്‍, മെമ്മറി ബൂസ്റ്റര്‍, ക്ലീനര്‍ തുടങ്ങിയ പേരുകളില്‍ വരുന്ന പല ആപ്ലിക്കേഷനുകളും കൂടുതല്‍ ബാറ്ററിയും മെമ്മറിയും ഉപയോഗിക്കാറുണ്ട് എന്നതിനാല്‍ ഇവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

സിങ്ക് ചെയ്യുന്ന ആപ്പുകള്‍ നിയന്ത്രിക്കുക

പല ആപ്പുകളും ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് നാം ശ്രദ്ധിക്കാറില്ല. ഇവ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഡാറ്റ സിങ്ക് ചെയ്തുകൊണ്ടിരിക്കും. ഇത് ബാറ്ററിയെ ബാധിക്കും.

ബാറ്ററി സേവര്‍ മോഡ്

ഇപ്പോഴിറങ്ങുന്ന എല്ലാ ഫോണുകള്‍ക്കും തന്നെ ബാറ്ററി സേവര്‍ മോഡ് ഉണ്ടായിരിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഇത് ഉപയോഗിക്കാം.

ചാര്‍ജ് ചെയ്യുമ്പോള്‍

രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുന്ന ശീലം മാറ്റുക. ഫുള്‍ ചാര്‍ജ് ആയാല്‍ ഉടനെ പിന്‍ ഊരുക. ബാറ്ററി ഫുള്‍ ചാര്‍ജ് ആയാല്‍ അലാം അടിക്കുന്ന സൗകര്യങ്ങളുള്ള ഫോണ്‍ ആണെങ്കില്‍ അത് പ്രയോജനപ്പെടുത്തുക. ഒറിജിനല്‍ ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it