Begin typing your search above and press return to search.
എസ്.എ.പി ലാബ്‌സ് ഈ വര്‍ഷം 1,000 പേരെ നിയമിക്കുന്നു
നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകളില്‍ നിക്ഷേപം ഉയര്‍ത്തും
ജര്‍മന്‍ മള്‍ട്ടിനാഷണല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എസ്.എ.പി ലാബ്‌സ് ഇന്ത്യ ഈ വര്‍ഷം 1,000 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ സിന്ധു ഗംഗാധരന്‍. കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനൊപ്പം വിവിധ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്താനും ഉദ്ദേശിക്കുന്നതായി പ്രമുഖ ധനകാര്യ പോര്‍ട്ടലായ മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തെ നിക്ഷേപം ഇരട്ടിയാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ആഗോളതലത്തിലേക്കുള്ള ആര്‍ ആന്‍ഡ് ഡി പ്രവര്‍ത്തനങ്ങളുടെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. മാത്രമല്ല കമ്പനിയുടെ പേറ്റന്റുകളുടെ നാലിലൊന്നും ഇന്ത്യയില്‍ നിന്നാണ്.
നിലവില്‍ 14,000 ജീവനക്കാര്‍
എസ്.എ.പി ലാബ്‌സ് ഇന്ത്യയില്‍ നിലവില്‍ 14,000 ജീവനക്കാരാണുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ 3,500 ഓളം പേരെ ശരാശരി നിയമിച്ചിട്ടുണ്ട്. ധനകാര്യം, സപ്ലൈ ചെയ്ന്‍, ഹ്യൂമന്‍ എക്‌സ്പീരിയന്‍സ് മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് എന്നിവ കൂടാതെ മറ്റ് പ്രധാന മേഖലകളിലും വൈദഗ്ധ്യമുള്ളവരെയാണ് കമ്പനി ഈ വര്‍ഷം നിയമിക്കുക.
നിലവില്‍ 160 ഓളം എ.ഐ ആപ്ലിക്കേഷന്‍ കമ്പനി നിര്‍മിച്ചിട്ടുണ്ട്. വരും കാലങ്ങളില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയില്‍ അധഷ്ഠിതമായ മേഖലകളില്‍ കൂടുതല്‍ വികസനം നടത്താനാണ് പദ്ധതി. ക്ലൗഡ് ബിസിനസില്‍ നിന്നുള്ള എസ്.എ.പി ലാബ്‌സ് ഇന്ത്യയുടെ വരുമാനം 2023 ന്റെ ആദ്യ പാദത്തില്‍ 35 കോടി ഡോളറാണ്. നടപ്പു വര്‍ഷം 154 കോടി ഡോളറാണ് ക്ലൗഡ് ബിസിനസില്‍ നിന്ന് കമ്പനി പ്രതീക്ഷിക്കുന്ന വരുമാനം.
Next Story
Videos