Begin typing your search above and press return to search.
സര്‍ക്കാര്‍ ഇന്‍സെന്റീവ് നേടിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി സാംസംഗ്
രാജ്യത്ത് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ) പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം ആനുകൂല്യത്തിന് അര്‍ഹമായത് സാംസംഗ് മാത്രം. കോവിഡിനെ തുടര്‍ന്ന് വിപണി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ നിബന്ധനകളില്‍ ഇളവ് വരുത്തണമെന്ന വ്യവസായികളുടെ ആവശ്യത്തോട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് അനുഭാവം പ്രകടിപ്പിക്കാത്തത് മറ്റു കമ്പനികള്‍ക്ക് വിനയായി.
പിഎല്‍ഐ പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ട പത്ത് കമ്പനികളില്‍ സാംസംഗ് മാത്രമാണ് വില്‍പ്പന ലക്ഷ്യം കൈവരിച്ച് ഇന്‍സെന്റീവിന് യോഗ്യത നേടിയത്. 2020 ഓഗസ്റ്റില്‍ തുടക്കം കുറിച്ച പദ്ധതിക്കായി ആദ്യഘട്ടത്തില്‍ അഞ്ച് വിദേശ കമ്പനികളും അഞ്ച് പ്രാദേശിക കമ്പനികളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 15000 കോടി രൂപയുടെ വില്‍പ്പനയുമായി സാംസംഗ് ഇതില്‍ ആനുകൂല്യത്തിന് അര്‍ഹമായപ്പോള്‍ മറ്റു കമ്പനികള്‍ക്ക് ലക്ഷ്യത്തിനെത്താനായില്ല. ആപ്പ്ള്‍ ഫോണുകളുടെ ഉല്‍പ്പാദനകരായ ഫോക്‌സ് കോണ്‍, റൈസിംഗ് സ്റ്റാര്‍, വിസ്‌ട്രോണ്‍ തുടങ്ങിയ കമ്പനികളൊക്കെ ഇക്കൂട്ടത്തിലുണ്ട്.
250 കോടി രൂപ നിക്ഷേപിക്കുകയും മുന്‍ വര്‍ഷത്തേക്കാള്‍ 4000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന വിദേശ കമ്പനികള്‍ക്കും 50 കോടി രൂപ നിക്ഷേപം നടത്തുകയും ആദ്യവര്‍ഷം 500 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കുമാണ് പദ്ധതി പ്രകാരം ഇന്‍സെന്റീവ് ലഭിക്കുക.
അതേസമയം പ്രതികൂല സാഹചര്യം കണക്കിലെടുത്ത് നിലവിലെ ഉല്‍പ്പാദനത്തിനനുസരിച്ച് ഇന്‍ക്രിമെന്റ് നല്‍കുകയും ബാക്കി 2021-22 സാമ്പത്തിക വര്‍ഷത്തിലോ 2022-23 സാമ്പത്തിക വര്‍ഷത്തിലോ മൊത്തം ലക്ഷ്യം കൈവരിച്ച ശേഷം നല്‍കുന്ന തരത്തില്‍ റോള്‍ ഓവര്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഇന്ത്യ സെല്ലുലാര്‍ ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ ആവശ്യം.
Next Story
Videos