ഒരു നമ്പറില്‍ നിന്ന് മാത്രം 20.2 കോടി വിളികള്‍, സ്പാം കോളില്‍ ഇന്ത്യ നാലാമത്; ട്രൂകോളര്‍ റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവും അധികം സ്പാം കോളുകള്‍ നടക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ട്രൂകോളര്‍ ഗ്ലോബല്‍ സ്‌കാം റിപ്പോര്‍ട്ട് 2021 ആണ് ഏറ്റവും അധികം സ്പാം കോളുകള്‍ ലഭിച്ച 20 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു. സെയില്‍സ്, മാര്‍ക്കറ്റിംഗ് കോളുകളിലുണ്ടായ വര്‍ധനവാണ് ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയത്.

രാജ്യത്തെ 20.2 കോടി സ്പാം കോളുകളും ഒരു നമ്പറില്‍ നിന്നായിരുന്നു എന്നും ട്രൂകോളര്‍ കണ്ടെത്തി. മണിക്കൂറില്‍ 27000 ഫോണ്‍ വിളികളാണ് ഈ നമ്പര്‍ നടത്തിയത്. അതായത് ഒരുദിവസം 648000 ഓളം ഫോണ്‍ കോളുകള്‍. ജനുവരി- ഒക്‌ടോബര്‍ കാലയളിവിലെ കോളുകളുടെ എണ്ണമാണിത്. എന്നാല്‍ ഇത്രയധികം സ്പാം കോളുകള്‍ നടത്തിയ നമ്പര്‍ ഏതാണെന്ന് ട്രൂകോളര്‍ വെളിപ്പെടുത്തിയല്ല. രാജ്യത്ത് ഒരാള്‍ക്ക് പ്രതിമാസം പതിനാറോളം സ്പാം കോളുകള്‍ എത്തുന്നു എന്നാണ് കണക്ക്.
സ്പാം കോളുകളില്‍ 93.5 ശതമാനവും സെയില്‍സുമായി ബന്ധപ്പെട്ടവയായിരുന്നു. 1.4 ശതമാനം കോളുകള്‍ തിരിച്ചറിയല്‍ രേഖകളും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. ഇന്ത്യയില്‍ ഇത്തരം ഫോണ്‍വിളികള്‍ കൂടുതലാണെന്നും ട്രൂകോളര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ബ്രസീലാണ് ഒന്നാമത്. സ്പാം കോളുകളുടെ എണ്ണത്തില്‍ പെറു ആണ് രണ്ടാമത്. കഴിഞ്ഞ ഒരുകൊല്ലം ലോകത്താകെ 3779.99 സ്പാം കോളുകളാണ് ഉണ്ടായത്. സ്പാം എസ്എംഎസുകളുടെ എണ്ണം 18,200 കോടിയാണ്.


Related Articles
Next Story
Videos
Share it