ഇനി 500 വരിക്കാർ ഉള്ളവർക്കും യൂട്യൂബ് പ്രതിഫലം

വിഡിയോ ഷെയറിംഗ് പ്ലാറ്റ് ഫോമായ യുട്യൂബ് ചെറു കൊണ്ടെൻ്റ് ക്രീയേറ്റര്‍മാര്‍ക്കും വരുമാനം ഉറപ്പാക്കാന്‍ നിലവിലെ യൂട്യൂബ് പാര്‍ട്ണര്‍പ്രോഗ്രാമിന്റെ (YPP) യോഗ്യതകളില്‍ ഇളവ് വരുത്തി. കൂടാതെ പെയ്ഡ് ചാറ്റ്(paid chat), ടിപ്പിംഗ്(tipping), ചാനല്‍മെമ്പര്‍ഷിപ്പ്(channel memberships), ഷോപ്പിംഗ് സൗകര്യം(shopping features) എന്നിങ്ങനെ വരുമാനം നേടാനുള്ള ചില മാര്‍ഗങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

പരിഷ്‌കാരങ്ങളുടെ ഭാഗമായി 500 സബ്‌സ്‌ക്രൈബര്‍മാര്‍ മാത്രമുള്ള കൊണ്ടെൻ്റ് ക്രീയേറ്റര്‍മാര്‍ക്കും യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാം. നേരത്തെ മിനിമം 1,000 സബ്‌സ്‌ക്രൈബേഴ്‌സ് വേണമായിരുന്നു. കൂടാതെ ഒരു മാസത്തില്‍ 4,000 പേരെങ്കിലും കൊണ്ടെൻ്റ് കണ്ടിരിക്കണം എന്ന നിബന്ധനയിലും ഇളവ് വരുത്തി. 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്‌ലോഡുകള്‍, ഒരു വര്‍ഷത്തിനിടെ 3,000 മണിക്കൂര്‍ കാഴ്ചകള്‍(views) അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ 30 ലക്ഷം ഷോര്‍ട് വ്യൂസ് എന്നിവ മതി.

വരുമാനം പങ്കുവയ്ക്കുന്നതിനും ഇതേ വൈ.പി.പി നിയമം ബാധകമായിരിക്കുമെന്നാണ് യൂട്യൂബ് അറിയിക്കുന്നത്. അതായത് പരസ്യ വരുമാനത്തില്‍ നിന്ന് ലാഭം നേടണമെങ്കില്‍ ചെറു കൊണ്ടെൻ്റ് ക്രീയേറ്റര്‍മാര്‍ കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തേണ്ടി വരും. യു.എസ്, യു.കെ, കാനഡ, തായ്‌വാന്‍, സൗത്ത് കൊറിയ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇളവുകളെങ്കിലും വൈകാതെ ഇന്ത്യയിലും നടപ്പാക്കിയേക്കും.

സ്‌റ്റോറീസ് ഇനി ഇല്ല
ജൂണ്‍ 26 മുതല്‍ സ്‌റ്റോറീസ് എന്ന ഫീച്ചര്‍ ഇല്ലാതാക്കുമെന്ന് യൂട്യൂബ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുശേഷം ഉപയോക്താക്കള്‍ക്ക് സ്‌റ്റോറീസ് ഇടാനാകില്ല. നിലവിലുള്ള സ്‌റ്റോറികള്‍ പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യും. സ്റ്റോറീസിന് പകരം കമ്മ്യൂണിറ്റി പോസ്റ്റുകള്‍ക്കും ഷോര്‍ട്‌സിനുമാണ് യൂട്യൂബ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. 2017 ലായിരുന്നു സ്റ്റോറീസ് (Stories) എന്ന ഫീച്ചർ യൂട്യൂബ് അവതരിപ്പിച്ചത്. കുറഞ്ഞത് 10,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബര്‍മാര്‍ക്ക് മാത്രമായിരുന്നു സ്റ്റോറീസ് ഫീച്ചര്‍ ലഭ്യമായിരുന്നത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് യൂട്യൂബിന്റെ പുതിയ നീക്കം.
Related Articles
Next Story
Videos
Share it