ബജറ്റില്‍ തൃപ്തരെന്ന് ടെക് കമ്പനികള്‍

ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന സോഫ്റ്റ്‌വെയർ, ടെക്നോളജി കമ്പനികള്‍ ഗവേഷണം നിര്‍മ്മിത ബുദ്ധി (Artificial intelligence -AI) എന്നിവയുമായി ബന്ധപ്പെട്ട ബജറ്റിലെ പ്രഖ്യാപനങ്ങളെ പ്രശംസിച്ചു. അടിസ്ഥാന സൗകര്യം മുതല്‍ സാമ്പത്തിക മേഖല വരെ മുന്‍ഗണനാ മേഖലകളില്‍ എല്ലാം തന്നെ സാങ്കേതികവിദ്യകള്‍ വിന്യസിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങള്‍ എന്നിവയ്ക്കായി നിര്‍മ്മിത ബുദ്ധി പരിഹാരങ്ങള്‍ക്കായി മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സ് (CoE) സ്ഥാപിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. പുതിയ അവസരങ്ങള്‍, ബിസിനസ് മോഡലുകള്‍, തൊഴിലവസരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാല്‍ 5ജി സേവനങ്ങള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ 100 ലാബുകള്‍ സ്ഥാപിക്കും.

ഇവ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ മേഖലകളിലേക്ക് നിര്‍മ്മിത ബുദ്ധി സെന്ററുകള്‍ വിപുലീകരിക്കാന്‍ കഴിയുമെന്ന് ഇന്ത്യയിലെ ആക്സെഞ്ചറിന്റെ ചെയര്‍പേഴ്സണും സീനിയര്‍ മാനേജിംഗ് ഡയറക്ടറുമായ രേഖ എം മേനോന്‍ പറഞ്ഞു. നിര്‍മ്മിത ബുദ്ധിക്ക് 2025-ഓടെ ഇന്ത്യയുടെ ജിഡിപിയിലേക്ക് 450-500 ശതകോടി ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നും രേഖ എം മേനോന്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മിത ബുദ്ധി രാജ്യത്ത് വിപുലമാക്കാന്‍ ഈ മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സുകളും പരീക്ഷണാത്മക സാങ്കേതികവിദ്യയില്‍ നിന്ന് പ്രായോഗിക സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ മാറ്റേണ്ടതുണ്ടെന്ന് കെപിഎംജി ഇന്ത്യയിലെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രി ലീഡര്‍, പങ്കാളിയും തലവനുമായ പുരുഷോത്തമന്‍ കെ ജി പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും നവീകരണത്തിനും ഗവേഷണത്തിനുമായി ഡാറ്റാസെറ്റുകള്‍ തുറക്കുന്നതിനായി ദേശീയ ഡാറ്റാ ഗവേണന്‍സ് ഫ്രെയിംവര്‍ക്ക് (എന്‍ഡിജിഎഫ്) സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇത് മികച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രനിര്‍മ്മാണത്തിന് ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ഒരു സംഘം സൃഷ്ടിക്കുന്നതിന് വിപുലമായ നൈപുണ്യ പരിശീലനവും ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ബജറ്റ് പ്രോത്സാഹിപ്പിക്കുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും ഈ മേഖലകളിലെ നിക്ഷേപം നിര്‍ണായകമാണെന്ന് ഐടി സേവനങ്ങളുടെയും കണ്‍സള്‍ട്ടിംഗ് കമ്പനിയായ അനാപ്റ്റിസിന്റെയും സിഇഒയും സഹസ്ഥാപകനുമായ അനുജ് ഖുറാന പറഞ്ഞു.

വളര്‍ച്ചാ കേന്ദ്രീകൃത ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് സോഫ്റ്റ്‌വെയർ, സേവന കമ്പനികളെ പ്രതിനിധീകരിക്കുന്ന നാസ്‌കോം പറഞ്ഞു. യുവാക്കളുടെ സമഗ്രമായ വൈദഗ്ധ്യം, വ്യവസായം 4.0, കോഡിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (IoT), സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കല്‍ എന്നിവയിലേക്കുള്ള മുന്നേറ്റം ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കമാണെന്ന് ടെക് മഹീന്ദ്ര മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ സി പി ഗുര്‍നാനി പറഞ്ഞു.

ബജറ്റ് കണക്ക് അനുസരിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും (MeitY) അതിനു കീഴിലുള്ള ഏജന്‍സികള്‍ക്കുമായി സര്‍ക്കാര്‍ മൊത്തം 16,549.04 കോടി രൂപ നീക്കിവച്ചേക്കും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റായ 11719.95 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 41.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it