ആന്‍ഡ്രോയ്ഡ് ഫോണാണോ ഉപയോഗിക്കുന്നത്? എങ്കില്‍ വാട്‌സാപ്പിന്റെ ഈ ട്രിക്കുകള്‍ അറിഞ്ഞിരിക്കണം

വ്യക്തിഗത ആവശ്യങ്ങള്‍ക്കു മാത്രമല്ല, ഔദ്യോഗികമായി സന്ദേശങ്ങളയക്കാനും ഇന്ന് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനായി വാട്‌സ്ആപ്പ് നിരന്തരം പുതിയ സംവിധാനങ്ങളും സവിശേഷതകളും കൊണ്ടുവരുന്നുണ്ട്. വാട്‌സാപ്പിന്റെ ഏറെ പ്രയോജനപ്രദമായ 5 സവിശേഷതകളാണ് ഇവിടെ പറയുന്നത്. ആന്‍ഡ്രോയ്ഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം.

ചാറ്റുകളിലെ മീഡിയ ഗാലറിയില്‍ നിന്നും ഒളിപ്പിക്കാം

ഫോണിന്റെ മീഡിയ തുറക്കുമ്പോള്‍ വ്യക്തിപരമായ ചാറ്റില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ഇമേജുകള്‍ വലിയ തലവേദന ഉണ്ടാക്കാറുണ്ട്. ഈ പ്രശ്‌നത്തിനൊരു പരിഹാരം വാട്‌സാപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന ചാറ്റുകളിലെയും ഗ്രൂപ്പുകളിലെയും ഫോട്ടോകളും വീഡിയോകളും ഗാലറിയില്‍ കാണാതെ ഹൈഡ് ചെയ്യാന്‍ പറ്റുന്ന സംവിധാനമാണ് വാട്‌സാപ്പ് ഒരുക്കി തന്നിരിക്കുന്നത്. ഇതിനായി ഗ്രൂപ്പിലോ കോണ്‍ടാക്ട് നെയിമിലോ ടാപ്പ് ചെയ്ത ശേഷം 'മീഡിയ വിസിബിലിറ്റി' എടുക്കുക. അതില്‍ നോ കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഇവ പ്രത്യക്ഷപ്പെടില്ല.

മീഡിയ സൈസ് നോക്കി ഡിലീറ്റ് ചെയ്യാം

മീഡിയ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സ്ആപ്പിലെ ഓരോ കോണ്‍ടാക്ടിനെയും ഗ്രൂപ്പിനെയും തെരഞ്ഞെടുത്ത് അതിലെ ടെക്സ്റ്റ് സന്ദേശങ്ങള്‍, സ്റ്റിക്കറുകള്‍, ജിഫുകള്‍ എന്നിവയടക്കം ഡിലിറ്റ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ഇത്. ഇതിനായി വാട്‌സാപ്പ് സെറ്റിംഗ്സ്- ഡേറ്റ ആന്റ് സ്റ്റോറേജ് - സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. മീഡിയ സൈസിന്റെ അടിസ്ഥാനത്തില്‍ ചാറ്റുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഏതെങ്കിലും കോണ്‍ടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താല്‍ അത് ഉപയോഗിച്ചിരിക്കുന്ന സ്റ്റോറേജ് സ്‌പെയ്‌സ് കാണിക്കും. ഫ്രീ അപ്പ് സ്‌പൈസ് എന്ന ഓപ്ഷനിലൂടെ ആവശ്യമില്ലാത്തവ കളയാം.

മൊബൈല്‍ ഡേറ്റ നിയന്ത്രിക്കാം

വാട്‌സാപ്പ് ഉപയോഗിക്കുന്ന ഡേറ്റ നിയന്ത്രിക്കുന്നതിന് ഒരു ബില്‍റ്റ് - ഇന്‍ ഓപ്ഷന്‍ തന്നെ ആപ്പിലുണ്ട്. വാട്ട്സാപ്പ് സെറ്റിംഗ്‌സ് ഡേറ്റ ആന്റ് സ്റ്റോറേജ് യുസേജ് എന്നിവ തിരഞ്ഞെടുക്കുക. മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍, വൈഫൈ കണക്ട് ചെയ്തിരിക്കുമ്പോള്‍, റോമിംഗിലുണ്ടാവുമ്പോള്‍ എന്നിങ്ങനെ പല തരത്തിലുള്ള കണക്ടിവിറ്റിയില്‍ ഏതൊക്കെ തരം മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ആവണം എന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഫോട്ടോ, ഓഡിയോ, വീഡിയോ, ഡോക്യുമെന്റ്‌സ് എന്നിങ്ങനെയാണ് മീഡിയയെ തരം തിരിച്ചിരിക്കുന്നത്.

ലൈവ് ലൊക്കേഷന്‍ 8 മണിക്കൂര്‍ വരെ

നേരത്തെ ഉണ്ടായിരുന്ന സൗകര്യമാണെങ്കിലും ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ഓപ്ഷനും വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എട്ടു മണിക്കൂര്‍ വരെ നിങ്ങളുടെ കോണ്‍ടാക്റ്റുകളിലുള്ളവര്‍ക്ക് ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പ് നല്‍കുന്നു. നിങ്ങളുടെ മീറ്റിംഗ് സ്ഥലം, ക്ലയന്റ് ലൊക്കേഷന്‍, കസ്റ്റമേഴ്‌സിന് പെട്ടെന്നെത്തിപ്പെടാനുള്ള എളുപ്പത്തിന് റൂട്ട് മാപ് ഷെയര്‍ ചെയ്യല്‍, ഇനിയെല്ലാം പോട്ടെ നിങ്ങളേതെങ്കിലും അപകടത്തില്‍ പെട്ടാല്‍ നിങ്ങള്‍ എവിടെയാണെന്നുള്ളത് അറിയിക്കാനുമെല്ലാം ഇതിലൂടെ സാധ്യമാകും.

ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ 'ചാറ്റ്' തുറക്കുക, അതില്‍ കോണ്‍ടാക്റ്റ്‌സ് ഷെയര്‍ ചെയ്യും പോലെ, അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ 'ലൊക്കേഷന്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. കറന്റ് ലൊക്കേഷന്‍ അയക്കാനുള്ള ഓപ്ഷനോടൊപ്പം 'ലൈവ് ലെക്കേഷന്‍ ഷെയര്‍' എന്ന ഓപ്ഷനും കാണാം. ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഈ ഫീച്ചര്‍ നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ നല്‍കുന്നു - 15 മിനിറ്റ്, 1 മണിക്കൂര്‍, 8 മണിക്കൂര്‍. ലൈവ് ലൊക്കേഷന്‍ എത്ര സമയത്തേക്കാണ് ഷെയര്‍ ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

കമ്പ്യൂട്ടറിലുള്ള ഫയല്‍ ഫോണിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യാം

ഔദ്യോഗിക ആവശ്യത്തിന് വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവുമുപകരിപ്പിക്കുന്ന ഒരു സൗകര്യമാണിത്. കമ്പ്യൂട്ടറിലുള്ള ഫയല്‍ ഫോണിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇതിനായി വാട്‌സാപ്പ് വെബ് ഉപയോഗപ്പെടുത്താം. നിങ്ങളുടെ പിസിയില്‍ വാട്ട്സാപ്പ് വെബ് തുറക്കുക. ഫോണിലെ വാട്ട്സാപ്പിനുള്ളില്‍ നിന്ന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഫോണ്‍ സിങ്ക് ചെയ്യണം. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പിസിയില്‍ മൊബൈല്‍ മീഡിയ കാണാനാകും. ചാറ്റിലെ മീഡിയ ഫയലുകള്‍ ആവശ്യാനുസരണം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറിലെ ഫയലുകള്‍ വാട്‌സ്ആപ്പ് വഴി അയയ്ക്കാനും എളുപ്പത്തില്‍ കഴിയും. നേരത്തെ ഉള്ള ഫീച്ചറാണെങ്കിലും പലരും ഇതുപയോഗിക്കാറില്ല. ലോഗൗട്ട് ചെയ്യാനാകുമെന്നതിനാല്‍ സ്വകാര്യത നഷ്ടപ്പെടുത്താതെ വാട്‌സാപ്പ് വെബ് ഉപയോഗിക്കാം.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it