ടച്ചോ വോയ്‌സോ! പോരാട്ടത്തില്‍ ആരു ജയിക്കും?
ഡിജിറ്റല്‍ ലോകത്ത് പുതിയൊരു പോരാട്ടം നടക്കുകയാണ്. ടച്ചും വോയ്‌സും തമ്മില്‍. ഇതില്‍ ഭാവിയില്‍ വിജയം ആര്‍ക്കാണെന്ന് പ്രവചിക്കാനാകില്ലെങ്കിലും വോയ്‌സ് യൂസര്‍ ഇന്റര്‍ഫേസ് വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. അതിന് അധികാലമൊന്നും കാത്തിരിക്കേണ്ടിവരില്ല. കോംസ്‌കോര്‍ എന്ന സ്ഥാപനത്തിന്റെ പഠനപ്രകാരം 2020ഓടെ 50 ശതമാനം സെര്‍ച്ചുകളും വോയ്‌സിലൂടെയായിരിക്കും.
ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുന്നതൊക്കെ യുവതലമുറയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങളായി. പകരം വോയ്‌സ് കമാന്‍ഡിലൂടെ എന്ത് വിവരവും ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ, സിരി തുടങ്ങിയ വോയ്‌സ് അസിസ്റ്റന്റുകളുടെ വരവാണ് പ്രധാനമായും ഈ ട്രെന്‍ഡിന് വഴിതെളിച്ചത്. ഗെയിം കളിക്കാനും വാര്‍ത്ത അറിയാനും അലാം സെറ്റ് ചെയ്യാനും എന്തിന് വീട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുമൊക്കെ വോയ്‌സ് യൂസര്‍ ഇന്റര്‍ഫേസ് ആണ് ഇത്തരം വോയ്‌സ് അസിസ്റ്റന്റുകളില്‍ ഉപയോഗിക്കുന്നത്. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വന്ന വന്‍ കുതിച്ചുചാട്ടമാണ് ഈ രംഗത്ത് വിപുലമായ മാറ്റമുണ്ടാക്കിയത്.
എന്നാല്‍ മുന്‍കാലങ്ങളില്‍ വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിക്കാന്‍ പലര്‍ക്കും മടിയായിരുന്നു. എന്നാലിപ്പോള്‍ പ്രാദേശിക ഇംഗ്ലിഷ് ഉച്ചാരണങ്ങള്‍ മനസിലാക്കുന്ന രീതിയില്‍ ഇത്തരം വോയ്‌സ് അസിസ്റ്റന്റുകളെ വികസിപ്പിച്ചെടുത്തതോടെ ഇവ ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമായി. മലയാളം അടക്കമുള്ള പ്രാദേശികഭാഷകള്‍ ഇവ മനസിലാക്കി അതേ ഭാഷയില്‍ ഉത്തരം തരുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാകും.
വോയ്‌സ് സെര്‍ച്ചിംഗിന്റെ പ്രധാന പ്രയോജനം വളരെ ലളിതമായും പെട്ടെന്നും വിവരങ്ങള്‍ ലഭ്യമാകും എന്നതാണ്. പരമ്പരാഗതമായ സെര്‍ച്ചിംഗില്‍ 10-15 ക്ലിക്ക് വരെ വേണ്ടിവരുന്ന കാര്യങ്ങള്‍ ഒറ്റ വോയ്‌സ് കമാന്‍ഡിലൂടെ ആവശ്യപ്പെടാം. എന്നാല്‍ ടച്ച് യൂസര്‍ ഇന്റര്‍ഫേസ് ഒഴിവാക്കാനാകില്ല. ടച്ചും വോയ്‌സും സമന്വയിപ്പിച്ചുകൊണ്ടുള്ള സെര്‍ച്ചിംഗ് ആണ് മികച്ച ഡിജിറ്റല്‍ അനുഭവം തരുന്നത്. എന്തായാലും ഭാവിയില്‍ വോയ്‌സ് യൂസര്‍ ഇന്റര്‍ഫേസ് മേഖലയില്‍ വരുന്ന വലിയ മാറ്റങ്ങള്‍ നമ്മുടെ വിവിധ ജീവിതമേഖലകളെ മാറ്റിമറിക്കുമെന്നുറപ്പാണ്.