60 ദശലക്ഷം ഉപയോക്താക്കളെ മറികടന്ന് സ്‌നാപ്ചാറ്റ്; ആപ്പിനെ രക്ഷിച്ചത് ഓഗ്മെന്റഡ് റിയാലിറ്റി

പ്രതിദിന ആക്റ്റീവ് ഉപയോക്താക്കളുടെ (ഡിഎയു) എണ്ണത്തില്‍ 150 ശതമാനത്തിലധികം വളര്‍ച്ചയോടെ, യുഎസ് ആസ്ഥാനമായുള്ള ഫോട്ടോ-മെസേജിംഗ് ആപ്ലിക്കേഷന്‍ സ്‌നാപ്ചാറ്റ്. ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം 60 ദശലക്ഷം കടന്നിരുന്നുവെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെടുത്തി പ്രാദേശികഭാഷയില്‍ ഇന്ത്യക്കാരെ രസിപ്പിക്കാന്‍ വേണ്ടതെല്ലാം ഒരുക്കിയതാണ് ഈ ആപ്പിന്റെ വിജയം.

ടിക് ടോക്കിന്റെ പിന്‍ വാങ്ങലോടെയാണ് സ്‌നാപ് ചാറ്റ് ഇന്ത്യയില്‍ ശക്തിപ്രാപിച്ചത്. സ്‌നാപ് ചാറ്റിന്റെ മാതൃകമ്പനിയാണ് സ്‌നാപ്. ഇന്ത്യയിലെ സ്നാപ്പിന്റെ ടീം സാംസ്‌കാരികമായി പ്രസക്തമായ ഉല്‍പ്പന്നങ്ങള്‍, കമ്മ്യൂണിറ്റി സോഷ്യലൈസിംഗ്, പാര്‍ട്ടിസിപ്പേഷന്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ വിജയമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
''2020 ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു വര്‍ഷമായിരുന്നു, ഈ വേഗതയില്‍ ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്.
വര്‍ഷം മുഴുവനുമുള്ള വളര്‍ച്ചയെ ശക്തിപ്പെടുത്തിക്കൊണ്ട് Q4 20 ല്‍ ഞങ്ങള്‍ ഇന്ത്യയിലെ 60 ദശലക്ഷത്തിലധികം ഉപയോക്താക്കളില്‍ എത്തി. സ്‌നാപ്ചാറ്റിന്റെ കമ്മ്യൂണിറ്റി എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ എന്റര്‍ട്ടെയ്ന്‍ ചെയ്യിക്കുന്നതോടൊപ്പം ഞങ്ങളുടെ ക്യാമറ ഉപയോഗിച്ച് ലെന്‍സ് സ്റ്റുഡിയോയില്‍ ക്രിയേറ്റീവ് ആയി കൂടുതല്‍ ഫീച്ചേഴ്‌സോടെ വീഡിയോ കണ്ടന്റുകള്‍ സൃഷ്ടിക്കുന്നതില്‍ ഏറെ ദൂരം എത്തിയിരിക്കുന്നു. ' സ്നാപ്പ് ഇങ്ക് മാനേജിംഗ് ഡയറക്ടര്‍ (ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സ്) നാന മുരുകേശന്‍ പറഞ്ഞു.
സ്‌നാപ് ചാറ്റ് ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ കഴിയുക എന്നതിനപ്പുറം ഫില്‍ട്ടറുകളും ലെന്‍സുകളും വാഗ്ദാനം ചെയ്യുന്നു. അവയില്‍ പലതും ഓഗ്മെന്റഡ് റിയാലിറ്റിയിലാണ് (എഐര്‍) പ്രവര്‍ത്തിക്കുന്നത്. ഇതാണ് സ്‌നാപ് ചാറ്റിന്റെ ആരാധകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഫീച്ചറുമെന്ന് അദ്ദേഹം പറയുന്നു.
ആഗോളതലത്തില്‍, 2020 ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ചത് പ്രതിദിനം 265 ദശലക്ഷം സജീവ ഉപയോക്താക്കളാണ് സ്‌നാപ്ചാറ്റില്‍ ഉള്ളത്. പ്ലാറ്റ്ഫോമിലെ ഉപയോക്താക്കള്‍ പ്രതിദിനം ശരാശരി അഞ്ച് ബില്ല്യണ്‍ സ്നാപ്പുകള്‍ സൃഷ്ടിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ല്‍ 70 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ത്യയില്‍ ഷോകള്‍ കണ്ടു. ദീപാവലി പ്രമേയമുള്ള ലെന്‍സുകള്‍ 500 ദശലക്ഷത്തിലധികം തവണയാണ് ഇന്ത്യക്കാര്‍ ഉപയോഗിച്ചത്. മുന്‍വര്‍ഷത്തെ എട്ടിരട്ടിയിലധികമാണിത്. ടിക് ടോക്കിന് പൂര്‍ണമായ നിരോധനം വന്നതും ടിക് ടോക്കിനെക്കാള്‍ യൂസര്‍ ഫ്രണ്ട്‌ലി ആയി സ്‌നാപ് ചാറ്റ് തങ്ങളുടെ ആപ്പിനെ വികസിപ്പിച്ചതും ഇവരുടെ ബിസിനസ് എട്ടിരട്ടിയാക്കിയെന്നു തന്നെയാണ് വാര്‍ത്തകള്‍ പറയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it