അറിയാം, വാട്‌സാപ്പിലെ പുതിയ ഫീച്ചര്‍

വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമായ ഓപ്ഷന്‍ ആണ് അയച്ച മെസേജുകള്‍ നിശ്ചിത സമയത്തിനു ശേഷം തനിയെ അപ്രത്യക്ഷമാകുമെന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് അത് പരിഷ്‌കരിച്ചിരിക്കുകയാണ് ഇപ്പോള്‍ വാട്‌സാപ്പ്. നേരത്തെ മെസേജ് അയച്ച് 24 മണിക്കൂറിന് ശേഷം തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലായിരുന്നു ഇതു വരെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇനി 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാം.

മെറ്റ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതായി തന്റെ ഫേസ്ബുക്ക് എക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.
ഇങ്ങനെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ വാട്‌സാപ്പ് സെര്‍വറില്‍ നിന്ന് തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു.
വാട്‌സാപ്പ് ചാറ്റില്‍ നിങ്ങള്‍ക്ക് അപ്രത്യക്ഷമാക്കുന്നതിനുള്ള ഓപ്ഷന്‍ സൗകര്യപൂര്‍വം ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ ആവാം. നിലവിലുള്ള സന്ദേശങ്ങളെ അത് ഒരു തരത്തിലും ബാധിക്കില്ല. ഓണ്‍ ചെയ്തതിന് ശേഷമുള്ള സന്ദേശങ്ങള്‍ മാത്രമേ നിശ്ചിത സമയത്തിനു ശേഷം അപ്രത്യക്ഷമാകുകയുള്ളൂ.
ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും അതാത് ഗ്രൂപ്പില്‍ ഈ ഓപ്ഷന്‍ ഓണ്‍ ചെയ്തിടാനാകും. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയാനായി അഡ്മിന് മാത്രം സാധ്യമാകുന്ന തരത്തിലും ക്രമീകരിക്കാനാകും.
അപ്രത്യക്ഷമാകല്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ആ ചാറ്റില്‍ അക്കാര്യം കാണാനാകും.
അതേസമയം അപ്രത്യക്ഷമാക്കല്‍ ഫീച്ചര്‍ ഉപയോഗിച്ചു എന്നതു കൊണ്ട് സന്ദേശം എന്നന്നേക്കുമായി ഇല്ലാതായി എന്നു കരുതരുത്. ഒരു വ്യക്തി അയച്ച സന്ദേശം തുറന്നില്ലെങ്കില്‍ പ്രിവ്യൂവില്‍ ആ സന്ദേശം കാലയളവിന് ശേഷവും കാണാം. ഒരു സന്ദേശം ക്വോട്ട് ചെയ്ത് റിപ്ലൈ അയച്ചാല്‍ അതില്‍ അപ്രത്യക്ഷമാകല്‍ കാലയളവിന് ശേഷവും മെസേജ് കാണാനാവും.
അപ്രത്യക്ഷമായ സന്ദേശം ആര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് കാണാനാകും. അപ്രത്യക്ഷമാക്കുന്ന സന്ദേശം ലഭിച്ചയാള്‍ ബാക്ക് അപ്പ് ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് അത് വീണ്ടെടുക്കാന്‍ സാധിക്കും. സന്ദേശം അപ്രത്യക്ഷമാകുന്നതിന് മുമ്പ് സ്‌ക്രീന്‍ ഷോട്ട് എടുത്തു വെച്ചാലും കോപ്പി ചെയ്താലും അത് വീണ്ടും കാണാനാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it