ഓണ്‍ലൈനില്‍ ആണെങ്കിലും ഇനി ആരും അറിയില്ല, എത്തുന്നു വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലെ കിടിലന്‍ ഫീച്ചേഴ്‌സ്

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയ്ക്ക് കീഴിലേക്ക് എത്തിയപ്പോള്‍ മുതല്‍ വാട്‌സാപ്പിനും അടിമുടി മാറ്റങ്ങളാണ്. നിരവധി ഫീച്ചറുകള്‍ ഇതിനോടകം തന്നെ അവതരിപ്പിച്ച വാട്‌സാപ്പ് വീണ്ടും പുതിയ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുകയാണ്. ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവയില്‍ ആക്റ്റീവ് സ്റ്റാറ്റസ് ഓഫ് ചെയ്ത് വയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇനി മുതല്‍ വാട്‌സാപ്പിലും ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാതെ ഇരിക്കാനുള്ള സൗകര്യമെത്തും.

അപ്‌ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിക്കുമ്പോള്‍ ആര്‍ക്കൊക്കെ നിങ്ങള്‍ ഓണ്‍ലൈന്‍ ആണെന്നും കാണിക്കാം എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. അടുത്തത് വ്യൂ വണ്‍സ് ഓപ്ഷന്‍ ആണ്. ഇതു വഴി നിങ്ങളുടെ ചാറ്റ് സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുമെന്നാണ് പറയപ്പെടുന്നത്. ഫീച്ചറുകള്‍ ഈ മാസം മുതല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് അറിയുന്നത്.
''എല്ലാവര്‍ക്കും അവരുടെ വാട്ട്സ്ആപ്പ് സ്വകാര്യമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകാം. അപ്പോള്‍ നിങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം സ്വകാര്യമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയങ്ങളില്‍ അത് അങ്ങനെ ചെയ്യാന്‍ ഉപയോക്താക്കളെ സജ്ജരാക്കുകയാണ് വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചറിലൂടെ'' പുതിയ അപ്‌ഡേഷനെക്കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത് ഇങ്ങനെയാണ്.
ഭൂരിഭാഗം ഉപയോക്താക്കളും ഓണ്‍ലൈന്‍ ആണെങ്കില്‍ പോലും ഓഫ് ലൈന്‍ സ്റ്റാറ്റസ് കാണിക്കാന്‍ ഇഷ്ടപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തിയതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 72 ശതമാനം ആളുകളും സത്യസന്ധമായി ഫില്‍ട്ടര്‍ ചെയ്യപ്പെടാത്ത രീതിയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ 47% ത്തിലധികം പേര്‍ സുരക്ഷിതവും സ്വകാര്യവുമായ സംഭാഷണങ്ങളിലുമേര്‍പ്പെടാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്.
ഈ ആശങ്കകള്‍ പരിഹരിക്കാനാണ് വാട്ട്സ് ആപ്പ് വ്യൂ വണ്‍സ് എന്ന ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്. എല്ലാവരേയും അറിയിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഒരു ഗ്രൂപ്പില്‍ നിന്ന് സ്വകാര്യമായി പുറത്തുകടക്കാനും അത്തരത്തില്‍ കഴിയും. ഗ്രൂപ്പില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മുഴുവന്‍ ഗ്രൂപ്പ്അംഗങ്ങളെയും അറിയിക്കുന്നതിന് പകരം അഡ്മിന്‍മാരെ മാത്രം അറിയിക്കുന്ന ഫീച്ചറാണിത്. മാത്രമല്ല, അയച്ച മെസേജുകളും ചിത്രങ്ങളും ഡിലീറ്റ് ഫോര്‍ ഓള്‍ നല്‍കി പൂര്‍ണമായും ചാറ്റില്‍ നിന്നും മാറ്റാനുള്ള സമയ പരിധി രണ്ടര ദിവസം വരെ ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.


Related Articles
Next Story
Videos
Share it