ജോലിയും പേഴ്‌സണല്‍ ചാറ്റും എളുപ്പമാക്കും ഈ വാട്‌സാപ്പ് പൊടിക്കൈകള്‍
വാട്‌സാപ്പ് (Whatsapp) ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു മാത്രമല്ല, ബിസിനസ് ആവശ്യത്തിനും വാട്‌സ്ആപ്പ് നല്ലൊരു ഉപാധി തന്നെ. ഏതൊരു മീഡിയയും മികച്ച രീതിയില്‍ ഉപയോഗിക്കാനാവുന്നവര്‍ക്കാണ് പൂര്‍ണാര്‍ത്ഥത്തിലുള്ള പ്രയോജനം ലഭിക്കുക. പലരും അറിയാത്ത ചില വാട്‌സാപ്പ് ടെക്‌നിക്കുകള്‍ ഇതാ:
എല്ലാ ഫോണ്‍ നമ്പറുകളും സേവ് ചെയ്തിടുന്നത് ബുദ്ധിമുട്ടാണ്. നമ്മുടെ വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ (Whatsapp Status) അവരും കണ്ടുതുടങ്ങും എന്നതാണ് പ്രധാന പ്രശ്‌നം. സേവ് ചെയ്യാതെ മെസേജ് അയക്കാന്‍ വഴിയുണ്ട്.
അതിനായി https://wa.me/ എന്ന് ടൈപ്പ് ചെയ്ത ശേഷം മെസേജ് അയക്കേണ്ട നമ്പര്‍ അടിച്ചാല്‍ മതി.
ഉദാഹരണത്തിന്:
https://wa.me/1234567890
സ്വന്തമായി ടൈപ്പ് ചെയ്തതോ എടുത്തുവെക്കേണ്ടതെന്നു തോന്നുന്നതോ ആയ മെസേജുകള്‍ മറ്റൊരു നമ്പറിലേക്ക് അയച്ചിടുകയാണ് ചിലര്‍ ചെയ്യുന്നത്. എന്നാല്‍ സ്വന്തം നമ്പറിലേക്ക് തന്നെ അയച്ചിടാനൊരു മാര്‍ഗമുണ്ട്.
https://wa.me/ എന്ന് ടൈപ്പ് ചെയ്തശേഷം ഒടുവില്‍ സ്വന്തം നമ്പര്‍ അടിച്ചുകൊടുത്ത് ആര്‍ക്കെങ്കിലും അയക്കുക. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്വന്തം നമ്പറിലേക്ക് മെസേജ് അയക്കാനുള്ള ടാബ് ഓപ്പണായി വരും. നമ്പര്‍ സേവ് ചെയ്യുകയും ചാറ്റ് പിന്‍ ചെയ്തുവെക്കുകയുമാവാം.
ഒരേ നമ്പറിലേക്ക് തന്നെ അയച്ചിടുന്നതും പോരെന്നുണ്ടോ? ബിസിനസ്, കുടുംബ, വ്യക്തിഗത മെസേജുകള്‍ പ്രത്യേകം പ്രത്യേകം കിട്ടണമെന്നുണ്ടോ? എങ്കിലും വഴിയുണ്ട്. അടുത്ത ആരുടെയെങ്കിലും നമ്പര്‍ കൂടി ആഡ് ചെയ്ത് വ്യത്യസ്ത ഗ്രൂപ്പുകളുണ്ടാക്കാം. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാലുടന്‍ ആ നമ്പറിനെ പുറത്താക്കിയാല്‍ മതി. പിന്നെ ഗ്രൂപ്പിലൊരു അംഗമേയുണ്ടാവൂ, നിങ്ങള്‍ മാത്രം.
ഫോട്ടോകളുടെ ക്വാളിറ്റി ചോര്‍ന്നുപോകുന്നുവെന്നതാണ് വാട്‌സ്ആപ്പിന്റെ കുറ്റമായി പലരും കാണുന്നത്. ഡാറ്റ ഉപയോഗിക്കുന്നതിന് അനുസരിച്ചാണ് ആപ്പുകളില്‍ ക്വാളിറ്റിയുണ്ടാവുക.
ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, ഒന്ന് കൂടിയാലും കുറഞ്ഞാലും മറ്റേതിലും സമാനമായി പ്രതിഫലിക്കും. വാട്‌സ്ആപ്പില്‍ മികച്ച ക്വാളിറ്റിയോടെ തന്നെ ഫോട്ടോ അയക്കാന്‍ വഴിയുണ്ട്, സെറ്റിംഗ്‌സില്‍ ചെറിയൊരു മാറ്റം വരുത്തണം.
ഇതിനായി വാട്‌സാപ്പ് സെറ്റിംഗ്‌സില്‍ പോവുക.
തുടര്‍ന്ന് സ്റ്റോറേജ് ആന്റ് ഡാറ്റ തുറന്ന്, Media Upload Quality ടാപ്പ് ചെയ്താല്‍ ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവര്‍ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകള്‍ കാണാം. ഇതില്‍ ബെസ്റ്റ് ക്വാളിറ്റി തെരഞ്ഞെടുത്താല്‍ മികച്ച ക്വാളിറ്റിയില്‍ തന്നെ ഫോട്ടോയും മറ്റും അയക്കാം.