ഇന്ത്യ ഇടഞ്ഞാല്‍ ട്വിറ്റര്‍ വിയര്‍ക്കുമോ?

ഇന്ത്യയിലെ നിയമപരിരക്ഷ പിന്‍വലിച്ചതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയിലും ട്വിറ്ററിന് തിരിച്ചടി. ന്യുയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെക് ഭീമന്റെ ഓഹരി വില ബുധനാഴ്ച 0.50 ശതമാനം ഇടിവോടെ 59.93 ഡോളറിലാണ് ക്ലോസ് ചെയ്തത്. പുതിയ ഐടി നയം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നായിരുന്നു ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമ പരിരക്ഷ ജൂണ്‍ 16 ന് കേന്ദ്രം ഒഴിവാക്കിയത്. പിന്നാലെ ഓഹരി വിപണിയിലും തകര്‍ച്ച നേരിട്ടു. ഇതോടെ കഴിഞ്ഞ സെഷനിലുണ്ടായിരുന്ന കമ്പനിയുടെ വിപണിമൂല്യം 48.07 ബില്യണ്‍ ഡോളറില്‍നിന്ന് 47.64 ബില്യണ്‍ ഡോളറായി. 0.43 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നടപടിയിലൂടെ ട്വിറ്ററിനുണ്ടായിരിക്കുന്നത്.

ഫബ്രുവരി 26 ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 80.75 ഡോളറിലെത്തിയ ഓഹരി വില ഇപ്പോള്‍ 25.78 ശതമാനം ഇടിഞ്ഞ് 59.93 ഡോളറിലെത്തി. അന്ന് ഉണ്ടായിരുന്ന ട്വിറ്ററിന്റെ ആകെ മൂലധനത്തില്‍ 13.87 ബില്യണ്‍ ഡോളര്‍ അഥവാ 22.54 ശതമാനത്തിന്റെ നഷ്ടമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ നവംബറിലും ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന ട്വിറ്ററിന് വിപണിയില്‍ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനുപകരം ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി കാണിച്ചതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. പിന്നാലെ #BanTwitter ഹാഷ്ടാഗ് സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡിംഗായതോടെ ഓഹരികള്‍ 43.48 ഡോളറിലാണ് ക്ലോസ് ചെയ്തത്. ആ സെഷനില്‍ കമ്പനിയുടെ വിപണി മൂലധനം 34.58 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാറുമയി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോഴെല്ലാം ട്വിറ്ററിന്റെ ഓഹരി വിലയിലും മാറ്റങ്ങളുണ്ടാകാറുണ്ട്.
നിലവില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമ പരിരക്ഷ ഒഴിവാക്കിയത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന വിവാദ ഉള്ളടക്കങ്ങളുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവി ഉള്‍പ്പെടെയുള്ളവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാനും നടപടികള്‍ സ്വീകരിക്കാനുമാകും. ഐടി നിയമം സെക്ഷന്‍ 79 അനുസരിച്ച് ഇന്ത്യയില്‍ നിയമ പരിരക്ഷ ആദ്യം നഷ്ടമാകുന്ന സോഷ്യല്‍ മീഡിയയും ട്വിറ്ററാണ്. ഇന്ത്യന്‍ ഐടി നയം പാലിക്കാന്‍ നിരവധി അവസരങ്ങള്‍ കേന്ദ്രം ട്വിറ്ററിന് നല്‍കിയിരുന്നു.


Related Articles
Next Story
Videos
Share it