

എയര്‍ ചാര്‍ജിംഗ് ടെക്‌നോളജി അവതരിപ്പിച്ചതിന് പിന്നാലെ മിനുട്ടുകള്‍ക്കുള്ളില്‍ 'ഫുള്‍ ചാര്‍ജ്' ചെയ്യാനാകുന്ന സാങ്കേതിക വിദ്യയുമായി ഷവോമി. തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' സാങ്കേതിക വിദ്യയിലൂടെ എട്ട് മിനുട്ട് സമയം കൊണ്ട് 4,000 എംഎഎച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനീസ് ബ്രാന്‍ഡായ ഷവോമി ട്വിറ്റര്‍ വഴിയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് എട്ട് മിനുട്ടുകള്‍ക്കുള്ളില്‍ ഷവോമിയുടെ എംഐ 11 പ്രോ ചാര്‍ജ് ചെയ്യുന്ന വിഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വയേര്‍ഡ് കണക്ഷനിലൂടെ 200 Wഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തിലൂടെയാണ് എട്ട് മിനുട്ടുകള്‍ കൊണ്ട് 4,000 എംഎഎച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്തത്. വീഡിയോയില്‍, 200 W അഡാപ്റ്ററിന് വെറും 44 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ 10 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞു. വെറും 3 മിനിറ്റിനുള്ളില്‍ 50 ശതമാനവും 8 മിനിറ്റിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യുന്നതും വിഡിയോ വ്യക്തമാക്കുന്നു. 120 W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തിലൂടെ 15 മിനുട്ട് കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
രണ്ട് വര്‍ഷം മുമ്പ്, 17 മിനുട്ട് കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഷവോമി അവതരിപ്പിച്ചിരുന്നു. നിലവില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഷവോമി അവതരിപ്പിച്ച 'ഹൈപ്പര്‍ ചാര്‍ജ്'. ചാര്‍ജിംഗ് വേഗത കൂടിയാല്‍ ഉപഭോക്താക്കളുടെ എണ്ണവും കുത്തനെ വര്‍ധിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine