നാളെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സമയം മാറ്റം; എയര്‍ ഇന്ത്യ യാത്രക്കാര്‍ അറിയാന്‍...

സെപ്തംബര്‍ 10 മുതല്‍ ന്യൂ ഡൽഹി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ ചെക്ക്-ഇന്‍ സമയത്തില്‍ മാറ്റം വരുത്തിയതായി എയര്‍ ഇന്ത്യയുടെ അറിയിപ്പ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കൗണ്ടറുകള്‍ 75 മിനുട്ട് മുമ്പ് അടക്കും. നേരത്തെ ഒരു മണിക്കൂര്‍ മുമ്പ് വരെയാണ് ചെക്കിന്‍ സമയം അനുവദിച്ചിരുന്നത്. തിരക്കേറിയ സമയങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ഈ സമയ മാറ്റമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ 'എക്‌സ്' സന്ദേശത്തില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിന് വേണ്ടിയുള്ള ഈ മാറ്റവുമായി യാത്രക്കാര്‍ സഹകരിക്കണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കാണ് ഈ സമയ മാറ്റം ബാധകമാകുക.

തിരക്ക് കുറക്കാനുള്ള നടപടി

ഡൽഹി വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ 40 ഓളം പ്രതിദിന അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. തിരക്ക് മൂലം വിമാനങ്ങള്‍ വൈകുന്നതായി യാത്രക്കാരുടെ പരാതികളുണ്ടാകാറുണ്ട്. ഡൽഹിയില്‍ നിന്നുള്ള വിമാനം വൈകുന്നത് മൂലം മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. ഇത്തരം പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് ചെക്ക് ഇന്‍ സമയം നേരത്തെയാക്കി സുരക്ഷിത യാത്രയൊരുക്കാന്‍ എയര്‍ ഇന്ത്യ മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു വിമാന കമ്പനികളും ഇത്തരത്തില്‍ സമയമാറ്റം നടപ്പിലാക്കുമെന്ന് സൂചനകളുണ്ട്.

Related Articles

Next Story

Videos

Share it