പറന്നുയരാന്‍ എയര്‍ കേരള; കണ്ണൂര്‍ വിമാനത്താവളവുമായി ധാരണാ പത്രം; റിക്രൂട്ട്‌മെന്റ് സജീവം

പ്രവാസി സംരംഭകര്‍ ആരംഭിക്കുന്ന കേരളത്തിന്റെ ആദ്യ ബഡ്ജറ്റ് വിമാന കമ്പനിയായ എയര്‍കേരളയുടെ പ്രാരംഭ നടപടികള്‍ വേഗത്തില്‍. വിവിധ തസ്തികകളിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് കേരളത്തിലും യു.എ.ഇയിലുമായി ആരംഭിച്ചു. ടെക്‌നിക്കല്‍, ഓപ്പറേഷണല്‍, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് കമ്പനി പ്രഖ്യാപിച്ചത്. ടെക്‌നിക്കല്‍, ഓപ്പറേഷണല്‍ വിഭാഗങ്ങളിലേക്കുള്ള ജീവനക്കാരെ ഇന്ത്യയില്‍ നിന്നും മാര്‍ക്കിറ്റിംഗ് വിഭാഗത്തിലേക്ക് യു.എ.ഇയില്‍ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. '' പൈലറ്റ്, കാബിന്‍ ക്രൂ തസ്തികകളിലേക്ക് നേരത്തെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കി. പ്രധാന പൈലറ്റിനെയും ട്രെയിനി പൈലറ്റുമാരെയും നിയമിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ യു.എ.ഇയില്‍ നിന്നാണ് പ്രധാനമായും റിക്രൂട്ട് ചെയ്യുന്നത്.'' എയര്‍ കേരള ചെയര്‍മാന്‍ അഫി അഹമ്മദ് ദുബൈയില്‍ പറഞ്ഞു.

''പൈലറ്റ് തസ്തികകളില്‍ ഇന്ത്യയില്‍ നിന്നുള്ളവരെയാണ് നിയമിക്കുന്നത്. ഇന്ത്യന്‍ വ്യോമയാന നിയമങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും കൂടുതലായി അറിയുന്നത് അവര്‍ക്കാണ്. അതേസമയം, വിദേശികളായ പൈലറ്റ് ട്രെയിനി കളെയും പരിഗണിക്കുന്നുണ്ട്.'' എയര്‍ കേരള സി.ഇ.ഒ ഹരീഷ് മൊയ്‌തീൻ കുട്ടി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ധാരണാ പത്രം തിങ്കളാഴ്ച ഒപ്പുവെച്ചു.

ആദ്യ വിമാനം രണ്ടാം പാദത്തില്‍

2025 രണ്ടാം പാദത്തില്‍ ആദ്യ വിമാനം സര്‍വീസ് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിനായി കമ്പനി കാത്തിരിക്കുകയാണ്. രണ്ടാം പാദത്തോടെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എയര്‍ കേരളയുടെ മാതൃ കമ്പനിയായ സെറ്റ്ഫ്‌ളൈ ഏവിയേഷന് ഈ വര്‍ഷം ജൂലൈയില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) ലഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ നിന്ന് വിവിധ ഇന്ത്യ നഗരങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വ്വീസും തുടര്‍ന്ന് ഗള്‍ഫ് സെക്ടറില്‍ അന്താരാഷ്ട്ര സര്‍വീസും ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതികള്‍. 2026 ല്‍ ആയിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകും.

മല്‍സരം ലക്ഷ്വറി ബസുകളോട്

കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലെ ഇടത്തരം നഗരങ്ങളിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍. ലക്ഷ്വറി ബസുകളിലും എ.സി ട്രെയിന്‍ കംപാര്‍ട്ട്‌മെന്റുകളിലും യാത്ര ചെയ്യുന്നവരെ വിമാന യാത്രയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് കമ്പനി ശ്രദ്ധിക്കുകയെന്ന് സി.ഇ.ഒ ഹരീഷ് മൊയ്ദീന്‍ കുട്ടി വ്യക്തമാക്കി, മല്‍സര ക്ഷമമായ യാത്രാ നിരക്കുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മൂന്ന് എടിആര്‍ വിമാനങ്ങളാണ് എയര്‍കേരള വാങ്ങുന്നത്. ഇന്ത്യയിലെ ആഭ്യന്തര സര്‍വീസുകള്‍ക്കായിരിക്കും ഇത് ഉപയോഗിക്കുന്നത്. ഇത്രയും വിമാനങ്ങളിലേക്കുള്ള ജീവനക്കാരെയാണ് ഇപ്പോള്‍ റിക്രൂട്ട് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ലക്ഷ്യമിട്ട് നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനും പദ്ധതിയുണ്ട്.

നേതൃനിരയില്‍ പരിചയ സമ്പന്നര്‍

വ്യോമയാന മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കീര്‍ത്തി റാവു എയര്‍ കേരളയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നേരത്തെ നിയമിതനായിട്ടുണ്ട് എയര്‍ ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കീര്‍ത്തി. ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ കാപ്റ്റന്‍ സി.എസ്.രണ്‍ധാവ ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍ പ്രധാന പദവി വഹിക്കുന്ന അശുതോഷ് വസിഷ്ഠ് സെക്യൂരിറ്റി വിഭാഗം വൈസ് പ്രസിഡന്റുമാണ്. ക്വാളിറ്റി മാനേജറായി ജെയിംസ് ജോര്‍ജിനെയാണ് നിയമിച്ചിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ മൂന്ന് ദശാബ്ദത്തെ പരിചയമാണ് ജെയിംസിനുള്ളത്. ഡി.ജി.സി.എയില്‍ എയര്‍വര്‍ത്തിനസ് ഡയറക്ടറായിരുന്നു. ഗ്രൗണ്ട് ഓപ്പറേഷന്‍സ് മേധാവിയായി ഷാമോന്‍ പട്ടവാതുക്കല്‍ സയ്യിദ് മുഹമ്മദ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് മേധാവിയായി രംഗരാജ മല്യ കമലേഷ് എന്നിവരും എയര്‍കേരളയില്‍ എത്തിയിട്ടുണ്ട്.

അഫി അഹമ്മദ് യു.പി.സിയാണ് എയര്‍കേരളയുടെ ചെയര്‍മാന്‍. അയൂബ് കല്ലട വൈസ് ചെയര്‍മാനും ഹരീഷ് മൊയ്‌തീൻ കുട്ടി സി.ഇ.ഒയും കനിക ഗോയല്‍ ഡയറക്ടറുമാണ്.

Related Articles
Next Story
Videos
Share it