വിമാന യാത്രക്കാരുടെ എണ്ണം 10 ശതമാനം വര്‍ധിക്കും; യാത്രക്കാര്‍ കൂടുതല്‍ ആഭ്യന്തര സെക്ടറില്‍
ഈ സാമ്പത്തിക വര്‍ഷം ആഗോള തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 10 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം 950 കോടിയിലേറെ പേര്‍ വിമാന യാത്ര നടത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാകും. കോവിഡ് മൂലം വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞ 2019 വര്‍ഷത്തേക്കാള്‍ 104 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. എഷ്യാ-പസഫിക് മേഖലയിലാണ് യാത്രക്കാരുടെ എണ്ണം കൂടുതലുണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 870 കോടി ആളുകളാണ് വിമാന യാത്ര നടത്തിയത്. ഇത് 2022 നെ അപേക്ഷിച്ച് 30.6 ശതമാനം കൂടുതലായിരുന്നു. 180 രാജ്യങ്ങളിലായി 2,700 വിമാനത്താവളങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ ആഭ്യന്തര യാത്രക്കാര്‍
വിമാനയാത്രക്കാരില്‍ കൂടുതല്‍ ആഭ്യന്തര യാത്രക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വര്‍ഷം 540 കോടി ആളുകള്‍ ആഭ്യന്തര സെക്ടറില്‍ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇത് മൊത്തം യാത്രക്കാരുടെ 57 ശതമാനമാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 410 കോടി (43 ശതമാനം) ആണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ ആറു മാസത്തെ കണക്കുകള്‍ പ്രകാരം മൊത്തം യാത്രക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കൂടിയിട്ടുണ്ട്. ഏഷ്യാ പസഫിക് മേഖയില്‍ വിമാന കമ്പനികള്‍ ഈ വര്‍ഷം കൂടുതല്‍ വരുമാനമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. 340 കോടി യാത്രക്കാര്‍ ഈ മേഖലയിലുണ്ടാകും. ആഫ്രിക്കയില്‍ 244 കോടിയും വടക്കേ അമേരിക്കയില്‍ 220 കോടിയും യൂറോപ്പില്‍ 250 കോടിയും ജനങ്ങള്‍ വിമാന യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെല്ലുവിളികള്‍ പലതുണ്ട്
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ വളര്‍ച്ചാ നിരക്ക് ഇത്തവണ കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 നേക്കാള്‍ 2023 ല്‍ 30.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ ഈ വര്‍ഷം 10 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്. ആഗോള തലത്തില്‍ ഉയരുന്ന വെല്ലുവിളികള്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനവ് ഇല്ലാതാക്കുന്നുണ്ട്. പല രാജ്യങ്ങളിലുമുള്ള പണപ്പെരുപ്പം, യുദ്ധങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍, വിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലെ കാലതാമസം തുടങ്ങിയവ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികളാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.