വിമാനത്തിന്റെ സീറ്റുകള്‍ തകരാര്‍; യാത്രക്കാരെ കയറ്റിയില്ല; ആകാശ എയറിന് 10 ലക്ഷം രൂപ പിഴ
വിമാനത്തിലെ സീറ്റുകളുടെ തകരാറിനെ തുടര്‍ന്ന് യാത്രക്കാരെ കയറ്റാതിരുന്ന ആകാശ എയറിന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 10 ലക്ഷം രൂപ പിഴ വിധിച്ചു. സെപ്തംബര്‍ ആറിന് ബാങ്കോക്കില്‍ നിന്ന് പൂനെയിലേക്ക് ടിക്കറ്റെടുത്ത ഏഴ് യാത്രക്കാരുടെ പരാതിയിലാണ് നടപടി. ആദ്യം എല്ലാ യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നെങ്കിലും യന്ത്രതകരാറിനെ തുടര്‍ന്ന് തിരിച്ചറക്കുകയായിരുന്നു. പകരം എത്തിയ വിമാനത്തില്‍ ഏഴു സീറ്റുകള്‍ കേടായത് മൂലം പരാതിക്കാരുടെ യാത്ര മുടങ്ങി. ഒരു മണിക്കൂറിന് ശേഷം ഈ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ പൂനെയില്‍ എത്തിച്ചെങ്കിലും യാത്രക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.
നഷ്ടപരിഹാരം നല്‍കാത്തത് വിനയായി
ബുക്ക് ചെയ്ത വിമാനത്തില്‍ യാത്രാ സൗകര്യമൊരുക്കിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ആ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ സീറ്റ് നല്‍കണമെന്നാണ് വ്യോമയാന നിയമം. ഇത് ലംഘിച്ചാല്‍ 10,000 രൂപ നഷ്ടപരിഹാരമായി നല്‍കണം. ബദല്‍ വിമാനം എത്തുന്നത് 24 മണിക്കൂറിന് ശേഷമാണെങ്കില്‍ യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരത്തിനും അവകാശമുണ്ട്. ആകാശ എയറിലെ യാത്രക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ കമ്പനി തയ്യാറാകാതിരുന്നതാണ് വലിയ പിഴ ക്ഷണിച്ചു വരുത്തിയത്. ഡി.ജി.സി.എയുടെ നോട്ടീസിന് ആകാശ എയര്‍ മറുപടി നല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡി.ജി.സി.എയുടെ നോട്ടീസ് ഇന്നലെ ലഭിച്ചതായും നിര്‍ദേശം പാലിക്കുമെന്നും ആകാശ എയര്‍ വക്താവ് അറിയിച്ചു.
ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ആകാശ എയറിനെതിരെ ഡി.ജി.സി.എയുടെ നടപടി വരുന്നത്. ഒക്ടോബറില്‍ പൈലറ്റ് പരിശീലനത്തിലെ അപാകതയുടെ പേരില്‍ 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. വിമാന പരിപാലനത്തിലെ പിഴവിന്റെ പേരില്‍ കഴിഞ്ഞയാഴ്ച മറ്റൊരു നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിയ വിമാനത്തിന്റെ സ്‌പോട്ട് ചെക്കിംഗ് നടത്താത്തതിനും ആകാശ എയര്‍ നടപടി നേരിട്ടിരുന്നു.
യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിന് ഓഗസ്റ്റില്‍ എയര്‍ ഇന്ത്യക്ക് ഡി.ജി.സി.എ 10 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.