ഉത്സവകാലം വിരുന്നെത്തി; നിരക്ക് കൂട്ടി വിമാനകമ്പനികളും ഹോട്ടലുകളും
ഉത്സവ സീസണ്‍ ആരംഭിച്ചതോടെ കൊച്ചിയിലുള്‍പ്പെടെ ഹോട്ടല്‍ നിരക്കുകളും രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിലെ വിമാന നിരക്കുകളും വര്‍ധിച്ചു. മഹാനവമി, ദീപാവലി പോലുള്ള അവസരങ്ങളില്‍ രാജ്യത്ത് അവധി ഏറെയുള്ളതിനാല്‍ നിരവധി ആളുകള്‍ വിനോദയാത്രകള്‍ക്കും മറ്റുമായി ഈ അവസരം ഉപയോഗിക്കാറുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഹോട്ടല്‍ നിരക്കുകളും, വിമാന നിരക്കുകളും വര്‍ധിച്ചത്.
ആഭ്യന്തര വിമാന യാത്രയുടെ കാര്യമെടുത്താല്‍ കൊച്ചി, ശ്രീനഗര്‍, ചണ്ഡീഗഡ്, ജയ്പൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാനിരക്കുകള്‍ ഏകദേശം 10% ഉയര്‍ന്നതായി 'ദി ഹിന്ദു ബിസിനസ് ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ബുക്കിംഗ് കൂടിവരികയാണ്.
ബെംഗളൂരു-കൊല്‍ക്കത്ത വിമാനത്തിനുള്ള ശരാശരി നിരക്ക് മുന്‍ വര്‍ഷത്തെ 7,000 രൂപയില്‍ നിന്ന് നവരാത്രി സീസണിന്റെ രണ്ടാം പകുതിയില്‍ 14,000 രൂപയായി ഉയര്‍ന്നു. ഈ കാലയളവില്‍ മുംബൈ-കൊല്‍ക്കത്ത വിമാനത്തിന്റെ ശരാശരി നിരക്ക് 55% വര്‍ധിച്ച് 12,000 രൂപയായി. അതേസമയം വ്യോമയാന ഇന്ധന വില ഉയരുന്നതും വിമാന നിരക്ക് കൂടാന്‍ മറ്റൊരു കാരണമാണ്.
ഉത്സവകാല വിനോദയാത്രകളെ ലക്ഷ്യമിട്ട് കൊച്ചി, തിരുപ്പതി, ഹൈദരാബാദ്, ന്യൂഡല്‍ഹി, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടലുകളിലെ ശരാശരി റൂം നിരക്കില്‍ (Average Room Rates) 20% വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.