വരാനിരിക്കുന്നത് എട്ട് ലക്ഷം ഒഴിവുകള്‍; പൈലറ്റുമാരെ കിട്ടാനില്ല; കാരണം ഇതാണ്
അബുദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന എയര്‍ എക്‌സ്‌പോയിലെ പ്രധാന ചര്‍ച്ചാ വിഷയം പൈലറ്റുമാരുടെ ക്ഷാമം. യു.എ.ഇയില്‍ ടൂറിസം മേഖലയിലെ വളര്‍ച്ചക്കൊപ്പം വ്യോമയാന രംഗത്തുണ്ടായ പുരോഗതിക്കനുസരിച്ച് പൈലറ്റുമാരെ കിട്ടാനില്ല എന്നത് വലിയ ആശങ്കയായി മാറുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു വര്‍ഷം 32,500 പൈലറ്റുമാരെ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ പൂര്‍ണമായി പരിശീലനം നേടിയ 4,500 പൈലറ്റുമാരെ മാത്രമാണ് ലഭിക്കുന്നതെന്നാണ് എയര്‍ എക്‌സ്‌പോയിലെ ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ 8.9 ലക്ഷം പൈലറ്റുമാരെ ആവശ്യമായി വരുമെന്നാണ് കണക്കുകള്‍. ഇതില്‍ 3.71 ലക്ഷം ഏഷ്യാ-പസഫിക് മേഖലയിലാകും.
വര്‍ധിക്കുന്ന പരിശീലന ചിലവ്
പൈലറ്റാകാന്‍ പരിശീലനം നേടുന്നവരുടെ എണ്ണം കുറയുന്നതാണ് പ്രധാന പ്രതിസന്ധി. വര്‍ധിക്കുന്ന പരിശീലന ചിലവ്, പരിശീലന പറക്കല്‍ മണിക്കൂറുകള്‍ വര്‍ധിപ്പിച്ചത് എന്നിവ പ്രധാന കാരണങ്ങളാണ്. പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാന്‍ ഒരു ലക്ഷം ഡോളര്‍ വരെ ചിലവ് വരുമെന്നാണ് അന്താരാഷ്ട്ര കണക്ക്. കുറഞ്ഞത് 1,500 മണിക്കൂര്‍ പരിശീലനം നേടിയിരിക്കണമെന്ന നിബനന്ധയും നിലവില്‍ വന്നു. ഇതോടെ ഈ മേഖലയിലേക്ക് കടന്നു വരുന്ന യുവാക്കളുടെ എണ്ണം കുറയുകയാണ്. പരിചയ സമ്പന്നരായ പൈലറ്റുമാര്‍ റിട്ടയര്‍മെന്റ് പ്രായത്തിലെത്തുന്നതും വ്യോമയാന മേഖലയില്‍ ആശങ്കകളുയര്‍ത്തുന്നു. പരിശീലനത്തിന് ചേരുന്നവരില്‍ 20 ശതമാനം പേര്‍ മാത്രമാണ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതെന്ന് ഷാര്‍ജയിലെ പിയര്‍ സെവന്‍ പൈലറ്റ് ട്രെയിനിംഗ് അക്കാദമി സി.ഇ.ഒ കാപ്റ്റന്‍ അഭിഷേക് നദ്കര്‍നി പറഞ്ഞു. 80 ശതമാനം പേര്‍ വിവിധ കാരണങ്ങളാല്‍ പരിശീലനം പാതിവഴിയില്‍ നിര്‍ത്തുന്നു. വൈദഗ്ധ്യം കുറഞ്ഞവരെ നിയമിക്കാന്‍ വിമാന കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണെന്ന് അഭിഷേക് നദ്കര്‍ണി ചൂണ്ടിക്കാട്ടുന്നു.
വിമാന കമ്പനികള്‍ മുന്നോട്ടു വരണം
ലോകത്ത് നിലവില്‍ ലഭ്യമായ പൈലറ്റുമാരുടെ എണ്ണത്തേക്കാള്‍ ഏഴു മടങ്ങ് കൂടുതല്‍ പൈലറ്റുമാരെ ആവശ്യമായി വരുമെന്നാണ് ഈ മേഖലയിലെ ട്രെയിനിംഗ് സ്ഥാപനങ്ങള്‍ കണക്കുകൂട്ടന്നത്. വര്‍ധിക്കുന്ന ഡിമാന്റ് മുന്നില്‍ കണ്ട് വിമാന കമ്പനികള്‍ പൈലറ്റ് പരിശീലനത്തിന് സംവിധാനമൊരുക്കണമെന്ന നിര്‍ദേശം എയര്‍ എക്‌സ്‌പോയില്‍ ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിശീലിപ്പിക്കുകയും തുടര്‍ന്ന് അവരെ നിയമിക്കുകയും ചെയ്യുന്ന സംവിധാനമാണ് ആവശ്യം. ഉയര്‍ന്ന ഫീസ് നല്‍കാതെ തന്നെ ട്രെയിനിംഗ് നേടാന്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് ഇത് വഴി സാധിക്കും. അബുദബിയുടെ ഇത്തിഹാദ് എയര്‍ലൈന്‍സിന് കീഴില്‍ ഇത്തരം പദ്ധതിയുണ്ടെന്ന് കമ്പനിയുടെ ട്രെയിനിംഗ് വിഭാഗം സി.ഇ.ഒ പോളോ ലാ കാവ വ്യക്തമാക്കി.