ബോയിംഗ് സമരം: പുതിയ കരാറില്‍ ഇന്ന് മുതല്‍ ചര്‍ച്ച; ഇരുഭാഗത്തും പ്രതീക്ഷ

ലോകോത്തര വിമാന നിര്‍മാതാക്കളായ ബോയിംഗ് കമ്പനിയിലെ തൊഴില്‍ സമരം അവസാനിപ്പിക്കുന്നതിനുള്ള പുതിയ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. 33,000 തൊഴിലാളികളാണ് വേതന വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മൂന്നാഴ്ചയിലേറെയായി സമരം നടത്തുന്നത്. ഒത്തു തീര്‍പ്പുകളുടെ ഭാഗമായി പുതിയ കരാര്‍ ബോയിംഗ് കമ്പനി തൊഴിലാളി യൂണിയനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കരാറിന്മേലുള്ള ചര്‍ച്ചകളാണ് ഇന്ന് തുടങ്ങുന്നത്. സമരം അവസാനിപ്പിക്കുണമെന്ന അഭിപ്രായം കമ്പനിയുടെയും യൂണിന്റെയും ഭാഗത്തു നിന്നുണ്ട്. അതേസമയം, പരമാവധി ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയ ശേഷമേ കരാറില്‍ ഒപ്പു വെക്കുവെന്നാണ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടന്നെങ്കിലും വിജയിച്ചില്ല. ശമ്പളത്തില്‍ നേരിയ വര്‍ധന നല്‍കാമെന്ന് കമ്പനി മാനേജ്‌മെന്റ് ഈ ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും സമരത്തിന് നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഷിനിസ്റ്റ്‌സ് ആന്റ് എയ്‌റോസ്‌പേസ് വര്‍ക്കേഴ്‌സ് (ഐ.എ.എം) ഇത് അംഗീകരിച്ചിട്ടില്ല. 30 ശതമാനം വര്‍ധനയാണ് കമ്പനി മുന്നോട്ടു വെച്ചിട്ടുള്ളത്. നേരത്തെ 25 ശതമാനമാണ് നിശ്ചയിച്ചിരുന്നത്. തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് 40 ശതമാനം വര്‍ധനയാണ്.

മൂന്നാഴ്ചയായി അടഞ്ഞു കിടക്കുന്ന പ്ലാന്റുകള്‍

സെപ്തംബര്‍ 13 ന് ആരംഭിച്ച സമരത്തെ തുടര്‍ന്ന് കമ്പനി ഫാക്ടറികള്‍ താല്‍കാലിക അടച്ചിടലിലാണ്. സമരം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കാന്‍ ചെലവു കുറക്കല്‍ നടപടികള്‍ ബോയിംഗ് ആരംഭിച്ചിരുന്നു. എക്‌സിക്യൂട്ടീവ് തസ്തികകളിലുള്ളവരുടെ യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും പ്രമോഷന്‍ ലഭിച്ച എക്‌സിക്യൂട്ടീവുകള്‍ക്കുള്ള ശമ്പള വര്‍ധന മരവിപ്പിക്കുകയും ചെയ്തിരുന്നു.

കമ്പനിയുടെ പുതിയ തൊഴില്‍ കരാറിനോടുള്ള യൂണിയന്റെ വിയോജിപ്പാണ് സമരത്തിന്റെ അടിസ്ഥാന കാരണം. നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനം ശമ്പള വര്‍ധനവാണ് കമ്പനി മുന്നോട്ടുവെച്ചത്. കമ്പനിയുടെ ഉല്‍പാദന പ്ലാന്റ്, തൊഴിലാളി യൂണിയനുകള്‍ക്ക് അനുമതിയില്ലാത്ത തെക്കന്‍ കാലിഫോര്‍ണിയയിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ തൊഴിലാളികള്‍ അംഗീകരിച്ചില്ല. 40 ശതമാനം ശമ്പള വര്‍ധന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉല്‍പാദന യൂണിറ്റ് സിയാറ്റിലില്‍ നിന്ന് മാറ്റുന്നതിനെയും അവര്‍ എതിര്‍ക്കുകയാണ്.

സര്‍ക്കാര്‍ ഇടപെടുന്നു

രാജ്യത്തെ പ്രമുഖ വിമാന നിര്‍മാണ കമ്പനിയിലെ സമരം നീണ്ടു പോകുന്നത് അമേരിക്കന്‍ സര്‍ക്കാരും ഗൗരവത്തോടെയാണ് കാണുന്നത്. ലേബര്‍ സെക്രട്ടറി ജൂലി സൂ വിഷയത്തില്‍ ഇടപെട്ടിരുന്നു. ചര്‍ച്ചകള്‍ നടത്തി സമരം അവസാനിപ്പിക്കണമെന്ന് ഇരുവിഭാഗത്തോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോയിംഗ് 777, 767, 737 മാക്‌സ് വിമാനങ്ങളുടെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. 737 മാക്‌സ് വിമാനത്തിന് അന്താരാഷ്ട്ര തലത്തില്‍ ഏറെ ഡിമാന്റുണ്ട്. ബോയിംഗ് സമരം നീണ്ടു പോകുന്നതോടെ വിവിധ രാജ്യങ്ങളിലെ വിമാനകമ്പനികള്‍ക്ക് ഒര്‍ഡര്‍ അനുസരിച്ച് വിമാനങ്ങള്‍ ലഭിക്കാതെ വരുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.


Related Articles
Next Story
Videos
Share it