Begin typing your search above and press return to search.
സാഹസിക സ്‌പോര്‍ട്‌സിന് കേന്ദ്രത്തിന്റെ പൂട്ട്; കോഴിക്കോട്, വാഗമണ്‍, മാനന്തവാടി പദ്ധതികള്‍ക്ക് തിരിച്ചടി
സാഹസിക കായിക വിനോദങ്ങളിലെ അപകട സാധ്യതകള്‍ കുറയ്ക്കാനായി കടുത്ത മാനദണ്ഡങ്ങളോടെ പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേരളത്തില്‍ ഈ ചട്ടങ്ങള്‍ മാനന്തവാടി, കോഴിക്കോട്, വാഗമണ്‍, വര്‍ക്കല എന്നിവിടങ്ങളിലുള്ള സാഹസിക കായിക വിനോദ പദ്ധതികളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.
കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ സാഹസിക കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുണ്ടായ അപകടങ്ങളും ഇന്‍ഷ്വറന്‍സ് ലഭ്യമാകാത്തതും ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. ഉത്തര്‍പ്രദേശില്‍ സമീപകാലത്ത് മൂന്നുപേര്‍ പാരാഗ്ലൈഡിംഗിനിടെ മരണപ്പെട്ടിരുന്നു. ആളപായമുണ്ടായില്ലെങ്കിലും കേരളത്തിലെ വര്‍ക്കലയിലും അടുത്തിടെ അപകടമുണ്ടായിരുന്നു.
അപകട സാധ്യതയുള്ള സാഹസിക കായിക വിനോദങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പരിരക്ഷ നല്‍കാനും തയ്യാറാകുന്നില്ലെന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ സാഹസിക കായിക വിനോദത്തിന്റെ പ്രവര്‍ത്തനഘടന, ഇന്‍ഷ്വറന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കായുള്ള പ്രത്യേക ചട്ടങ്ങളാകും കേന്ദ്രം അവതരിപ്പിക്കുക.
കേരളത്തിന് ആശങ്ക
ദീര്‍ഘമായ തീരദേശം, മലമ്പ്രദേശങ്ങള്‍, കുന്നുകള്‍, നദികള്‍ എന്നിവയുള്ള കേരളത്തില്‍ സാഹസിക കായിക വിനോദങ്ങള്‍ക്ക് വലിയ സാധ്യതകളാണ് കല്‍പ്പിക്കുന്നത്. നാല് രാജ്യാന്തര സാഹസിക കായിക വിനോദ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് ഈ കേരളം. വാഗമണില്‍ പാരാഗ്ലൈഡിംഗ് മത്സരം, വര്‍ക്കലയില്‍ സര്‍ഫിംഗ് ഫെസ്റ്റിവല്‍, മാനന്തവാടിയില്‍ മൗണ്ടന്‍ സൈക്ലിംഗ്, കോഴിക്കോട്ട് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്നിവയാണവ. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുത്തന്‍ ചട്ടങ്ങള്‍ ഈ പരിപാടികള്‍ക്ക് തിരിച്ചടിയാകുമോയെന്നാണ് കേരളത്തിന്റെ ആശങ്ക.
Next Story
Videos