ഇന്ത്യക്കാരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ചൈന, പക്ഷേ ചൈനക്കാര്‍ക്ക് വീസ നല്‍കാന്‍ ഇന്ത്യക്ക് മടി

ഇന്ത്യയും ചൈനയും ഭായ് ഭായ് അല്ലാതെയായിട്ട് കാലം കുറച്ചായെങ്കിലും ഇന്ത്യന്‍ യാത്രാക്കാരെ സ്വീകരിക്കുന്നതില്‍ ഒരുമടിയും കാണിക്കുന്നില്ല ചൈന. 2023ല്‍ 1,80 ലക്ഷം ഇന്ത്യൻ പൗരന്മാര്‍ക്ക് വീസ അനവധിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യക്കാര്‍ക്ക് ചൈനയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് നീക്കം ചെയ്യല്‍, വിരലടയാളം ഒഴിവാക്കല്‍, താത്കാലിക ഫീസ് കുറയ്ക്കല്‍ തുടങ്ങിയ നിരവധി നടപടികള്‍ എംബസി കൈക്കൊണ്ടെന്നും സിയോജിയാന്‍ വ്യക്തമാക്കി.

നിയന്ത്രണം നീക്കണം
ചൈനയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ക്ക് എത്രയും വേഗം സാധാരണ വീസ ചാനലുകള്‍ ഇന്ത്യ പുനരാംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊവിഡിനു ശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ ചൈന വൈമുഖ്യം കാണിച്ചതിനെ തുടര്‍ന്ന് 2022ല്‍ ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതില്‍ ഇളവ് വരുത്തണമെന്നാണ് സിയോജിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവേശനം ഇവര്‍ക്ക്
ചൈന സ്വദേശികള്‍ക്ക് (പീപ്പിള്‍സ് റിപ്പബ്ലിക്) നല്‍കിയിരുന്ന ടൂറിസ്റ്റ് വിസകള്‍ക്ക് പ്രാബല്യമുണ്ടാകില്ലെന്ന് കാണിച്ച് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (IAT-A) അംഗങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
എന്നാല്‍ ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍, ഇന്ത്യ നല്‍കിയ റസിഡന്‍സ് പെര്‍മിറ്റുള്ള യാത്രക്കാര്‍, ഇന്ത്യ നല്‍കിയ വീസ അല്ലെങ്കില്‍ ഇ-വീസ ഉള്ള യാത്രക്കാര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്.
കൂടാതെ ഇന്ത്യന്‍ വംശജരുടെ (PIO) കാര്‍ഡുള്ളവര്‍ക്കും നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ഇന്ത്യന്‍ പൗരത്വ കാര്‍ഡ് അല്ലെങ്കില്‍ ബുക്ക്‌ലെറ്റ് ഉള്ള യാത്രക്കാര്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും അയാട്ടയുടെ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം 10 വര്‍ഷകാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ക്കും പ്രാബല്യമില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it