Begin typing your search above and press return to search.
2025 ൽ എയർപോർട്ട് ലോഞ്ച് ആനുകൂല്യങ്ങൾ നല്‍കുന്ന ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെ?
ശരിയായ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള എയര്‍പോര്‍ട്ട് ലോഞ്ചുകളുടെ സുഖസൗകര്യങ്ങൾ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാവുന്നതാണ്. എല്ലാ ക്രെഡിറ്റ് കാർഡുകളും അൺലിമിറ്റഡ് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചില കാർഡുകൾ ഓരോ വർഷവും പരിമിതമായ സന്ദർശനങ്ങൾ മാത്രമാണ് അനുവദിക്കുക. ചില കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ് ആക്സസ് അൺലോക്ക് ചെയ്യുന്നതിന് കാര്‍ഡില്‍ മിനിമം തുക ചെലവഴിക്കേണ്ടതുണ്ട്. നിങ്ങളുടെ കാർഡ് ഉപയോഗിച്ച് ഏതൊക്കെ ലോഞ്ചുകള്‍ ആക്സസ് ചെയ്യാമെന്ന് പരിശോധിച്ച് ഉറപ്പിക്കുന്നത് നല്ലതാണ്.
എയർപോർട്ട് ലോഞ്ച് ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ചെലവ് ആവശ്യകതകൾ നിറവേറ്റുക
ചില ക്രെഡിറ്റ് കാർഡുകൾ ചെലവ് പരിധികൾ പാലിക്കുന്നതിനുള്ള പ്രതിഫലമായി ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നവയാണ്. അമിതമായി ചെലവഴിക്കാതെ ഈ പരിധികൾ നിറവേറ്റാൻ ഉപയോക്താക്കള്‍ ചെലവുകൾ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്.
അധിക ചാർജുകൾക്കായി പരിശോധിക്കുക
ചില ക്രെഡിറ്റ് കാർഡുകൾ നിശ്ചിത പരിധിക്കപ്പുറമുള്ള ലോഞ്ച് സന്ദർശനങ്ങൾക്ക് അധിക ഫീസ് ചുമത്തുന്നു. നിങ്ങളുടെ സന്ദർശനം കോംപ്ലിമെൻ്ററി ആണോയെന്ന് ഉറപ്പാക്കുക.
കാലഹരണപ്പെടൽ തീയതികളിൽ ശ്രദ്ധ പുലർത്തുക
ലോഞ്ച് ആക്‌സസ് ആനുകൂല്യങ്ങളില്‍ വർഷം തോറും മാറ്റം ഉണ്ടായേക്കാം. ഉപയോഗിക്കാത്ത ലോഞ്ച് സന്ദർശന പരിധികള്‍ പലപ്പോഴും അടുത്ത വർഷത്തേക്ക് നീട്ടാന്‍ സാധിക്കില്ല. നിങ്ങളുടെ കാർഡിൻ്റെ നിബന്ധനകൾ പരിശോധിച്ച് അവ കാലഹരണപ്പെടുന്നതിന് മുമ്പായി എല്ലാ ആനുകൂല്യങ്ങളും ഉപയോഗിക്കാൻ ഉപയോക്താക്കള്‍ യാത്ര ആസൂത്രണം ചെയ്യേണ്ടതാണ്.
ദുരുപയോഗം ഒഴിവാക്കുക
മിക്ക ലോഞ്ചുകളിലും അതിഥികളെയും സന്ദർശന ആവൃത്തിയെയും കുറിച്ച് നിയമങ്ങളുണ്ട്. ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് പ്രത്യേകാവകാശങ്ങൾ റദ്ദാക്കുന്നതിന് ഇടയാക്കാം. തുടർച്ചയായ ലോഞ്ച് ആക്സസ് ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങൾ പാലിക്കുക.
2025 ൽ ഇന്ത്യയിലെ എയർപോർട്ട് ലോഞ്ച് ആക്‌സസ് അനുവദിക്കുന്ന ചില ക്രെഡിറ്റ് കാർഡുകൾ ഇവയാണ്. കാര്‍ഡിന്റെ ഫീസും വ്യവസ്ഥകളും മാറ്റത്തിന് വിധേയമാണ് എന്ന കാര്യം ശ്രദ്ധിക്കുക. വിശദാംശങ്ങൾ ബന്ധപ്പെട്ട കാർഡ് വിതരണക്കാരുമായി സ്ഥിരീകരിക്കുക.
എച്ച്.ഡി.എഫ്.എസ് വിസ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
ചേരുന്നതിനുള്ള ഫീസ്- ഇല്ല. വാർഷിക ഫീസ്- 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചെലവഴിച്ചാൽ ആദ്യവർഷം സൗജന്യ അംഗത്വം. പ്രതിവർഷം 75,000 രൂപ ചെലവാക്കിയാൽ സൗജന്യ പുതുക്കൽ. ലോകമെമ്പാടുമുള്ള എയർപോർട്ട് ലോഞ്ച് പ്രവേശനം അനുവദിക്കുന്നു.
എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാർഡ്
ചേരുന്നതിനുള്ള ഫീസ്- ഇല്ല. വാർഷിക ഫീസ്- രണ്ടാം വർഷം മുതൽ പ്രതിവർഷം 4,999 രൂപ. ഇന്ത്യയിൽ ഓരോ പാദത്തിലും 2 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് സന്ദർശനങ്ങൾ. ഇന്ത്യയ്ക്ക് പുറത്ത് ഒരു കലണ്ടർ വർഷത്തിൽ 6 കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് സന്ദർശനങ്ങൾ.
ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡ്
ചേരുന്നതിനുള്ള ഫീസ്- 12,500 രൂപ + നികുതികൾ. വാർഷിക ഫീസ്- പ്രതിവർഷം 25 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ പുതുക്കൽ ഫീസ് ഉണ്ടാകില്ല. ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ചുകളില്‍ അൺലിമിറ്റഡ് പ്രവേശനം.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസ് മൈ ട്രിപ്പ് കാർഡ്
ചേരുന്നതിനുള്ള ഫീസ്- 350 രൂപ + ജിഎസ്ടി. വാർഷിക ഫീസ്- 350 രൂപ + ജിഎസ്ടി. പ്രതിവർഷം 50,000 രൂപ ചെലവഴിക്കുമ്പോള്‍ വാർഷിക ഫീസ് ഇല്ല. പ്രതിവർഷം 2 കോംപ്ലിമെൻ്ററി ആഭ്യന്തര ലോഞ്ച് പ്രവേശനം.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാർഡ്
ചേരുന്നതിനുള്ള ഫീസ്- ഇല്ല. വാർഷിക ഫീസ്- ഇല്ല. ഓരോ പാദത്തിലും ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളില്‍ 2 കോംപ്ലിമെൻ്ററി സന്ദർശനങ്ങൾ.
Next Story
Videos