കൊച്ചി വിമാനത്താവളത്തിലും ഈ മാസം മുതല്‍ ഡിജി യാത്ര; മുഖം സ്‌കാന്‍ ചെയ്യും

ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി അഥവാ മുഖം സ്‌കാന്‍ ചെയ്ത് വ്യക്തികളുടെ വിവരങ്ങള്‍ മനസ്സിലാക്കുന്ന സാങ്കേതിക വിദ്യ ഇനി കൊച്ചി വിമാനത്താവളത്തിലും. എ.ഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്ന ഈ സൗകര്യം മൊബൈല്‍ ആപ്പുമായി സംയോജിപ്പിച്ചാണ് സജ്ജമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഏഴ് വിമാനത്താവളങ്ങളിലാണ് സൗകര്യം നിലവിലുള്ളത്. ആറ് വിമാനത്താവളങ്ങളില്‍ കൂടി ഉടന്‍ ഇത് ലഭ്യമാക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമെ മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ഗ്വാഹട്ടി തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഡിജി യാത്ര സൗകര്യം വരും. വിമാനത്താവളങ്ങളിലെ വിവിധ പരിശോധനാ നടപടികള്‍ മുഖം സ്‌കാന്‍ ചെയ്യുന്നതിലൂടെ ഒറ്റയടിക്ക് അതിവേഗം തീര്‍പ്പാക്കാമെന്നതാണ് പ്രത്യേകത. ഫലത്തില്‍ ബോര്‍ഡിംഗ് പാസ് നേടി നിമിഷങ്ങള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് ഏരിയയിലെത്താം. സെക്യൂരിറ്റി പരിശോധനയ്ക്കടക്കം ദീര്‍ഘനേരം ക്യൂ നില്‍ക്കുന്നത് ഒഴിവാകും.

ഡിജി യാത്രയെക്കുറിച്ച് കൂടുതല്‍ അറിയാം

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഡിജി യാത്ര സജ്ജമാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ലക്ഷ്യം വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

ഡിജി യാത്ര പദ്ധതിയുടെ ഭാഗമായി, യാത്രക്കാര്‍ക്ക് അവരുടെ യാത്രാ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ അവരുടെ ബോര്‍ഡിംഗ് പാസ് അച്ചടിക്കാനും കഴിയും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതി വിജയകരമാണെങ്കില്‍, എല്ലാ വിമാനത്താവളങ്ങളിലും ഇത് പൂര്‍ണമായും നടപ്പാക്കാനാണ് കേന്ദ്ര പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

2022 ഡിസംബര്‍ 1 ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ ന്യൂഡല്‍ഹി, വാരണാസി, ബെംഗളൂരു എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ ആണ് ഡിജി യാത്രാ സൗകര്യം അവതരിപ്പിച്ചത്. പിന്നീട് വിജയവാഡ, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ കൂടി ഡിജി യാത്ര നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 10 വരെയുള്ള കണക്കുകള്‍ പ്രകാരം 34,60,454 യാത്രികരാണ് ആ സൗകര്യം ഉപയോഗപ്പെടുത്തിയത. പുതുതായി ആറ് വിമാനത്താവളങ്ങള്‍ കൂടി ഡിജി യാത്രാ സൗകര്യമുള്ള വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ ഈ സൗകര്യം ലഭ്യമാകുന്ന വിമാനത്താവളങ്ങളുടെ എണ്ണം പതിമൂന്നാകും.

വിവരങ്ങള്‍ സുരക്ഷിതമാകുമോ?

ഡിജി യാത്രാ പ്രക്രിയയില്‍, യാത്രക്കാരുടെ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളുടെ (PII) ഡാറ്റയുടെ സെന്‍ട്രല്‍ സ്റ്റോറേജ് ഇല്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. യാത്രക്കാരുടെ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുകയും അവരുടെ സ്മാര്‍ട്ട്‌ഫോണിന്റെ വാലറ്റില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

ഡിജി യാത്ര ഐഡി സാധൂകരിക്കേണ്ട യാത്രക്കാരും യാത്രാ തുടങ്ങുന്ന വിമാനത്താവളവും തമ്മില്‍ മാത്രമേ ഇത് പങ്കിടൂ. വിമാനം പുറപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ട് സിസ്റ്റത്തില്‍ നിന്ന് ഡാറ്റ താനേ ക്ലിയര്‍ ചെയ്യപ്പെടും. കൂടാതെ, യാത്രക്കാര്‍ ചെന്നിറങ്ങുന്ന വിമാനത്താവളത്തിലേക്ക് മാത്രം ഈ വിവരങ്ങള്‍ പങ്കിടുന്നു, അതും യാത്രക്കാര്‍ മൊബൈലില്‍ അതിനായുള്ള അനുവാദം നല്‍കിയാല്‍ മാത്രം.

Related Articles
Next Story
Videos
Share it