ഇടുക്കി ഡാമിനടുത്ത് താമസിക്കാം, ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജ് റെഡി
ലോക ടൂറിസം ഭൂപടത്തില്‍ തനത് സൗന്ദര്യംകൊണ്ട് ഇടംപിടിച്ച മിടുക്കിയാണ് നമ്മുടെ ഇടുക്കി. ലോകത്തെ രണ്ടാമത്തെ വലിയ ആര്‍ച്ച് ഡാമും മികച്ച കാലാവസ്ഥയുമെല്ലാം ഇടുക്കിയെ ഏവര്‍ക്കും പ്രിയങ്കരിയാക്കുന്നു.
ഇടുക്കിയെ കാണാനെത്തുന്നവര്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിലെ ഏറ്റവും പുതിയതാണ് ഇക്കോ ലോഡ്ജ്.
12 കോട്ടേജുകളടങ്ങുന്ന ഇക്കോ ലോഡ്ജ് പദ്ധതിയുടെ നിര്‍മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 2.78 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് (സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന ) 5.05 കോടി രൂപയുമാണ് ലഭിച്ചത്. നികുതിയുള്‍പ്പെടെ 4,130 രൂപയാണ് (double occupancy) ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്.
25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണു കോട്ടേജുകളുടെ നിര്‍മാണമെങ്കിലും എല്ലാ അത്യാധുനിക സൗകര്യങ്ങളും ലഭ്യമാണ്. എറണാകുളം ഭാഗത്തു നിന്നെത്തുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ട് പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെത്താം. ഇവിടെയാണ് ഇക്കോലോഡ്ജ് ഉള്ളത്.
ഇക്കോലോഡ്ജിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇടുക്കി ഡാം മാത്രമല്ല, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡി.ടി.പി.സി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരി മൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.
www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.