ഷെന്‍ഗെന്‍ വീസ ഫീ വര്‍ധിപ്പിച്ചു, ഇനി യൂറോപ്യന്‍യാത്ര ചെലവേറും

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പ്രഹരം. ഷെന്‍ഗെന്‍ (schengen) വീസ ഫീ 12 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ യൂറോപ്പ് സന്ദര്‍ശനം കൂടുതല്‍ ചെലവേറിയതാകും. 90 യൂറോ (8,141 രൂപ) ആയിട്ടാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു. യൂറോപ്യന്‍ കമ്മീഷനാണ് ഫീ വര്‍ധിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്ലോവേനിയ വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂണ്‍ 11 മുതലാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ആറു വയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീ 40 യൂറോയില്‍ നിന്ന് 45 യൂറോയിലേക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീസ് വര്‍ധനയുടെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ പൂര്‍ണ യോജിപ്പില്ലെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് വീസ ഫീ വര്‍ധിപ്പിക്കുന്നത്.
2020 ഫെബ്രുവരിയിലായിരുന്നു ഇതിനു മുമ്പ് ഫീ കൂട്ടിയത്. 60 യൂറോയില്‍ നിന്ന് 80ലേക്കാണ് അന്ന് മാറ്റമുണ്ടായത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഫീ കൂട്ടേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു. അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ശമ്പളം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നിരക്കില്‍ മാറ്റംവരുത്തുന്നത്.
അംഗരാജ്യങ്ങളിലും അതൃപ്തി
ഫീ വര്‍ധനയില്‍ യൂറോപ്യന്‍ യൂണിയന്‍ പൊതുഅഭിപ്രായം തേടിയിരുന്നു. ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് ഒന്നുവരെ ആയിരുന്നു ഇത്. അഭിപ്രായം രേഖപ്പെടുത്തിയ പലരും തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതിലും വീസ നടപടിക്രമത്തിലും തൃപ്തരല്ലെന്ന പ്രതികരണം നടത്തിയവരിലേറെയും തുര്‍ക്കി പൗരന്മാരാണ്.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും (ഐ.എ.ടി.എ) വര്‍ധനയോട് വിയോജിച്ചിട്ടുണ്ട്. ഷെന്‍ഗെന്‍ രാജ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവിനെ നിരക്ക് വര്‍ധന പ്രതികൂലമായി ബധിക്കുമെന്നാണ് അവരുടെ ആശങ്ക. ഫീ കൂട്ടുന്നതോടെ ഷെന്‍ഗെന്‍ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നവര്‍ മറ്റ് സാധ്യതകള്‍ തേടിയേക്കുമെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
യൂറോപ്പിലേക്ക് സഞ്ചാരികള്‍ കൂടി
2022നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വീസ അനുവദിച്ചതിന്റെ നിരക്ക് 36.3 ശതമാനമായി വര്‍ധിച്ചു. ചൈനക്കാരാണ് കഴിഞ്ഞ വര്‍ഷം ഷെന്‍ഗെന്‍ വീസയ്ക്കായി അപേക്ഷിച്ചവരില്‍ ഒന്നാംസ്ഥാനത്ത്. പതിനൊന്ന് ലക്ഷം അപേക്ഷകള്‍ ചൈനയില്‍ നിന്ന് ലഭിച്ചു. പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. 9,66,687 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞവര്‍ഷം വീസയ്ക്കായി അപേക്ഷിച്ചത്. തുര്‍ക്കി (രണ്ടാംസ്ഥാനം), മൊറോക്കോ, റഷ്യ, അള്‍ജീരിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
എന്താണ് ഷെന്‍ഗെന്‍ വീസ
യൂറോപ്പിലെ 29 രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന വീസ സൗകര്യമാണിത്. നിശ്ചിത കാലയളവില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അവിടങ്ങളില്‍ താമസിക്കാം. ആദ്യം ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തിന്റെ എംബസിയില്‍ വേണം വീസയ്ക്കായി അപേക്ഷിക്കാന്‍.
ആ രാജ്യമാകും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒറ്റ വീസ അനുവദിക്കുക. പ്രത്യേകിച്ച് അതിര്‍ത്തിയൊന്നും തിരിച്ചിട്ടില്ലാത്ത നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ സുഖയാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഷെന്‍ഗെന്‍ വീസ. 1985ല്‍ ഏഴു രാജ്യങ്ങളാണ് തുടക്കത്തില്‍ ഷെന്‍ഗെന്‍ വീസ ഉടമ്പടിയില്‍ ഒപ്പുവച്ചത്.
Related Articles
Next Story
Videos
Share it