ആനവണ്ടിയിലേറി ഗവി യാത്ര ഇനി കഠിനം; നിരക്കുകൂട്ടി വനം വകുപ്പ്, ബുക്കിംഗ് താഴേക്ക്

കേരളത്തിലെ ഏറ്റവും ജനപ്രിയ പ്രകൃതിസുന്ദര ടൂറിസം കേന്ദ്രങ്ങളിലൊന്നായ പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി. വനംവകുപ്പ് നിരക്ക് വര്‍ധിപ്പിച്ചതും ആനുപാതികമായി കെ.എസ്.ആര്‍.ടി.സി ടൂറിസം പാക്കേജ് നിരക്ക് ഉയര്‍ത്തിയതുമാണ് പ്രതിസന്ധി.
ഏകദേശം ഒരുമാസത്തോളം നീണ്ട അടച്ചിടലിന് ശേഷം കഴിഞ്ഞവാരമാണ് ഗവി വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നത്. അവധിക്കാലം ആഘോഷിക്കാന്‍ ഗവിയിലേക്ക് യാത്ര പ്ലാന്‍ ചെയ്തവര്‍ക്കാകട്ടെ നിരവക്കുവര്‍ധന തിരിച്ചടിയായി.
ടൂറിസം പാക്കേജില്‍ ട്രക്കിംഗ് കൂടി ഉള്‍പ്പെടുത്തി, 500 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ കെ.എസ്.ആര്‍.ടി.സി പാക്കേജുകളുടെ ബുക്കിംഗ് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.എസ്.ആര്‍.ടി.സിക്ക് ഇതുവഴി കനത്ത വരുമാനനഷ്ടവുമാണ് ഉണ്ടാകുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഗവിയിലേക്കുള്ള നിരക്ക് ഒരാള്‍ക്ക് 1,300 രൂപയായിരുന്നത് 1,800 രൂപയായി. ബസ് നിരക്ക്, ഭക്ഷണം, ബോട്ടിംഗ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു പഴയനിരക്കെങ്കില്‍ ട്രക്കിംഗ് കൂടി ചേര്‍ത്താണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
നിരക്ക് ഉയര്‍ത്തിയതോടെ പാക്കേജിംഗ് ബുക്കിംഗ് കുറഞ്ഞുവെന്നാണ് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കുന്നത്. ഗവിയിലേക്കുള്ള സര്‍വീസുകളും പലദിവസങ്ങളിലും ആവശ്യത്തിന് സഞ്ചാരികളില്ലാത്തതിനാല്‍ വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യവുമുണ്ട്.
ഹിറ്റായ പാക്കേജ്
പത്തനംതിട്ടയ്ക്ക് പുറമേ ആലപ്പുഴ, ഹരിപ്പാട് തുടങ്ങി ഏതാനും ഡിപ്പോകളില്‍ നിന്നും മറ്റും ഗവിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ യാത്രാപ്പാക്കേജുകളുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ യാത്രാപ്പാക്കേജുകളില്‍ ഏറ്റവും ലാഭമുണ്ടാക്കിക്കൊടുത്ത ട്രിപ്പുമാണ് ഗവിയിലേക്കുള്ളത്.
2022 ഡിസംബര്‍ മുതല് 2023 ഡിസംബര്‍ വരെയുള്ള ഒരുവര്‍ഷക്കാലം കൊണ്ട് ഗവി ട്രിപ്പ് കെ.എസ്.ആര്‍.ടി.സിക്ക് സമ്മാനിച്ചത് മൂന്നുകോടിയോളം രൂപയുടെ വരുമാനമായിരുന്നു.
പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ദിവസം മൂന്ന് ട്രിപ്പുകളാണുള്ളത്. നിലവില്‍ നിരക്ക് കൂട്ടിയതോടെ ബുക്കിംഗ് മന്ദഗതിയിലാണ്.
Related Articles
Next Story
Videos
Share it