Begin typing your search above and press return to search.
വിസ്മയ ജാലകം വീണ്ടും തുറക്കുന്നു, ലോകം ഇനി ദുബൈയിലേക്ക്
ലോകം ഇനി ദുബൈയിലേക്ക് ചുരുങ്ങുന്ന നാളുകളാണ് വരുന്നത്. ആഗോള കലാ-സാംസ്‌കാരിക-ഷോപ്പിംഗ് കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി ഏട്ടാമത് സീസണിന് ഒക്ടോബര്‍ 18ന് തുടക്കമാകും. സാധാരണ ഒക്ടോബര്‍ അവസാന ആഴ്ചയാണ് ഗ്ലോബല്‍ വില്ലേജ് തുറക്കുന്നതെങ്കില്‍ ഇത്തവണ ഒരാഴ്ച മുന്‍പേയാണ്. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തവണ നേരത്തെയാക്കിയിരിക്കുന്നത്.
എന്റര്‍ടെയിന്‍മെന്റ്, ഷോപ്പിംഗ്, രുചിവൈവിധ്യങ്ങള്‍ എന്നിവ സമന്വയിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികവുറ്റ കാഴ്ചകളാണ് ഒരുക്കുന്നത്. 3500 ഓളം ഔട്ട്‌ലെറ്റുകള്‍, 4,000 ത്തോളം ലൈവ് എന്റര്‍ടെയ്ന്‍മെന്റുകള്‍, 200 ഭക്ഷണശാലകള്‍ എന്നിവയ്ക്കപ്പുറം മായിക കാഴ്ചകളുടെ ലോകമാണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുക.
സംസ്‌കാരങ്ങളുടെ സംഗമവേദി
ലോകരാജ്യങ്ങള്‍ ചുറ്റി സഞ്ചരിക്കുന്നതിന്റെ ഫലമാണ് ആഗോള ഗ്രാമത്തിന്റെ കാഴ്ചകള്‍ സമ്മാനിക്കുന്നത്. ഗ്ലോബല്‍ വില്ലേജിന്റെ ടിക്കറ്റെടുത്താല്‍ 27 രാജ്യങ്ങളുടെ പവലിയനിലേക്കും എമിറാത്തി ഹെറിറ്റേജ് ഏരിയ, റോഡ് ഓഫ് ഏഷ്യ എന്നിവയിലേക്കും കടന്നു ചെല്ലാം.
ലൈവ് ഷോകള്‍, കുട്ടികള്‍ക്കായുള്ള തീയറ്ററുകളിലേക്കുള്ള പ്രവേശനം എന്നിവയും ഇതിലുള്‍പ്പെടും. കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ വമ്പന്‍ വെടികെട്ടിനും സാക്ഷ്യം വഹിക്കാം. 170 ഓളം റൈഡുകളും ഗെയിമുകളും മറ്റുമുള്ള കാര്‍ണിവല്‍ സോണ്‍, റിപ്ലെയ്‌സിന്റെ ബിലീവ് ഓര്‍ നോട്ട് എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.
വൈകിട്ട് നാലു മുതല്‍ അര്‍ധരാത്രി വരെയാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തന സമയം. ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുടുംബത്തിനു മാത്രമായിരിക്കും പ്രവേശനം. പൊതു അവധി ദിനങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടാകും.
ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഗ്ലോബല്‍ വില്ലേജിലേക്ക് ഒഴുകുന്നു. ഇരുപത്തി ഏഴാമത് സീസണില്‍ 90 ലക്ഷം പേരാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്. 27 പവലിയനുകളിലായി 90ലധികം സാംസ്‌കാരിക വൈവിധ്യങ്ങള്‍ കഴിഞ്ഞ സീസണില്‍ ഇവിടെ സമന്വയിച്ചു.
Next Story
Videos