കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഹെലികോപ്റ്ററില്‍ പറക്കാം: ഹെലി ടൂറിസം ഉടന്‍

നിരവധി പുതിയ പദ്ധതികളുമായി കേരളത്തിലെ വിനോദ സഞ്ചാര മേഖല ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഉത്തരേന്ത്യയിലേത് പോലെ ഹെലി ടൂറിസവും കേരളത്തിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകളിലാണ്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന നിക്ഷേപക സംഗമത്തില്‍ ഹെലി ടൂറിസത്തിലേക്കു നിക്ഷേപിക്കുന്നവരെയും ക്ഷണിക്കും. കേരളത്തിൽ കോവളത്ത് നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ചുരുങ്ങിയ കാലത്തേക്ക് കേരളം ഹെലി ടൂറിസം പരീക്ഷിച്ചിരുന്നു.

ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിയ കൊച്ചിയിലാണ് ഹെലി ടൂറിസം ആദ്യം നടപ്പിലാക്കുന്നത്. കൊച്ചിയില്‍ നിന്ന് 100-150 കിലോ മീറ്റര്‍ ദൂരം സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രയൊരുക്കുക. പിന്നീട് കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇതേ കിലോമീറ്റര്‍ പരിധിയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഹെലി കോപ്റ്ററുകള്‍ പറക്കും.

50 സെന്റ് സ്ഥലമുണ്ടെങ്കില്‍ ഹെലിപാഡ് ഒരുക്കാം. നാലോ അഞ്ചോ പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്ന ഹെലികോപ്റ്ററുകളായിരിക്കും ഹെലി ടൂറിസത്തില്‍ ഉപയോഗിക്കുക.

രാജ്യത്തെ ഹെലി ടൂറിസം ഇങ്ങനെ

നിലവില്‍ ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍ എന്നിവടങ്ങളിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് ഹെലി ടൂറിസമുള്ളത്. ഗുപ്തകാശി-കേദാര്‍നാഥ്, ഡെറാഡൂണ്‍-ബദരീനാഥ്, ഡെറാഡൂണ്‍-വാലി ഓഫ് ഫ്‌ളവേഴ്‌സ്, കത്ര-മാതാ വൈഷ്ണവോ ദേവി ക്ഷേത്രം, സോനമാര്‍ഗ്-അമര്‍നാഥ് എന്നീ സര്‍വീസുകള്‍ രാജ്യത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കും തീരദേശത്തേക്കും സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.




Related Articles
Next Story
Videos
Share it