ചെലവ് ചുരുക്കുന്ന 'ട്രിപ്പ് മച്ചാന്മാര്‍'ക്ക് പണികിട്ടുമോ? 1000 രൂപയുടെ ഹോട്ടല്‍ മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി

ചെറിയ വരുമാനക്കാന്‍ ട്രിപ്പ് പോകാന്‍ ഒരുങ്ങുമ്പോള്‍ സാധാരണയായി കണക്കുകൂട്ടുന്നത് ഇത്തരത്തിലാണ്, പെട്രോള്‍/ ഡീസല്‍ തുക, മുറി വാടക, ഭക്ഷണം, മറ്റ് ചെറിയ ചെലവുകള്‍. എന്നാല്‍ പുത്തന്‍ ജിഎസ്ടി നിയമങ്ങള്‍ എത്തുന്നതോടെ ഇവര്‍ക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. 12 ശതമാനം ജിഎസ്ടി നിരക്കാണ് ചെറിയ വാടകയ്ക്കുള്ള മുറികള്‍ക്ക് ചുമത്തിയിട്ടുള്ളത്, അതും 1000 രൂപയില്‍ താഴെയുളളവയ്ക്ക്. പുതിയ നിയമം ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍ വരും.

ചെലവ് ചുരുക്കി യാത്ര ചെയ്യുന്നവര്‍ കൂടുതലായി ആശ്രയിക്കുന്ന ഓയോ, എയര്‍ബിഎന്‍ബി എന്നിവയ്ക്ക് ഇനി ചെലവ് ഉയരും. മാത്രമല്ല, 7,500 രൂപയ്ക്ക് മുകളിലുള്ള മുറികള്‍ 18 ശതമാനം ജിഎസ്ടി നികുതി ബ്രാക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഏറ്റവുമധികം ആവശ്യക്കാരെത്തുന്നത് ബജറ്റ് ട്രാവല്‍ കഴിഞ്ഞാല്‍ പൂള്‍ വില്ലകളും മറ്റുമുള്‍പ്പെടുന്ന ലക്ഷ്വറി സെഗ്മെന്റിലാണ്. ഇതിനും 18 ശതമാനം ജിഎസ്ടി കയറുന്നതോടെ മേഖലയ്ക്കും ക്ഷീണമാകുമെന്ന് കേരളത്തിലെ പ്രധാന ട്രാവല്‍ പാര്‍ട്‌ണേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇതുവരെ 1000 രൂപയില്‍ താഴെയുള്ള മുറികള്‍ നേരത്തെ ഒഴിവാക്കിയിരുന്നതിനാല്‍ പരിധിക്ക് മുകളിലുള്ളവയ്ക്ക് മാത്രം 12 ശതമാനം ജിഎസ്ടി ഈടാക്കിയിരുന്നു. അതേസമയം 1000 രൂപ വരെയുള്ള ബജറ്റ് മുറികള്‍ക്ക് ആവശ്യക്കാരേറെയില്ല കേരളത്തിലെന്നാണ് ഹോട്ടല്‍ മേഖലയിലെ ചിലര്‍ പറയുന്നത്. മോട്ടോറിസ്റ്റുകള്‍ ഫ്രഷ് അപ്പ്, വണ്‍ നൈറ്റ് സ്റ്റേ എന്നിവയ്ക്കും മറ്റും മാത്രമാണ് ഇത്തരത്തിലുള്ള ഹോട്ടല്‍ മുറികള്‍ക്കായി അധികവുമെത്തുന്നതെന്നും മേഖലയിലുള്ളവര്‍ പറയുന്നു.

ബജറ്റ് ഹോട്ടല്‍ വിഭാഗത്തിലെ ജിഎസ്ടി അല്ല, മറിച്ച് 7500 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 18 ശതമാനം ജിഎസ്ടി ആക്കുന്നത് മേഖലയ്ക്ക് തിരിച്ചടിയായേക്കുമെന്ന് എയര്‍ബിഎന്‍ബി ഹോസ്റ്റിംഗ് അംഗം കൂടിയായ വിഷ്ണു പറയുന്നു.

കേരളത്തില്‍ എയര്‍ബിഎന്‍ബി, ഓയോ റൂമുകള്‍ അധികവും 1000 രൂപയ്ക്ക് മുകളിലാണ് വിറ്റഴിക്കപ്പെടുന്നതെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബജറ്റ് ഹോട്ടല്‍ മേഖലയ്ക്കാവും ഇത് കൂടുതല്‍ തിരിച്ചടിയാകുക എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഓഫ് സീസണിൽ 1000 മുതല്‍ 1500 രൂപവരെയുള്ള ഹോട്ടലുകള്‍ പലപ്പോഴും 850-950 റേഞ്ചില്‍ വില്‍ക്കേണ്ടി വരാറുണ്ടെന്നും അത് ഇനി നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അടിമാലി- മൂന്നാര്‍ ഏരിയയില്‍ എയര്‍ബിഎന്‍ബി യില്‍ ലിസ്റ്റ് ചെയ്ത റിസോര്‍ട്ട് നടത്തുന്നയാളാണ് വിഷ്ണു. മേഖലയില്‍ ജിഎസ്ടി എത്തുന്നതോടെ നിലവാരുമുള്ള ബിസിനസിലേക്ക് ബജറ്റ് സ്‌റ്റേ ഉയരുമെന്നും ഈ മേഖലയില്‍ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it