വിദേശ യാത്ര ചെയ്യുമ്പോള്‍ എത്ര രൂപ കയ്യില്‍ കരുതാം?
വിദേശ യാത്രകള്‍ സജീവമായിക്കഴിഞ്ഞു. പല രാജ്യങ്ങളും കോവിഡ് പ്രോട്ടോക്കോളുകളും എടുത്തുമാറ്റി. ബിസിനസ് ആവശ്യത്തിനും വിദ്യാഭ്യാസത്തിനും ഉല്ലാസയാത്രയ്ക്കായുമെല്ലാം ഇന്ത്യയില്‍ നിന്നും ബുക്ക് ചെയ്യപ്പെടുന്ന വിദേശ വിമാനടിക്കറ്റുകളുടെ എണ്ണം റെക്കോഡ് ഉയരത്തിലുമായി. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, വിദേശത്തേക്ക് പോകുന്നവര്‍ക്ക് എത്ര രൂപ കയ്യില്‍ സൂക്ഷിക്കാന്‍ കഴിയുമെന്ന്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടം പ്രകാരം ഒരു വ്യക്തിക്ക് 'ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS)' വഴി 2,50,000 ഡോളര്‍ മൂല്യത്തിലുള്ള അഥവാ 1.80 കോടി രൂപയാണ് ഇത്തരത്തില്‍ വിദേശ യാത്രാ ചെലവുകൾക്കായി പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുക. അതും ചില നിബന്ധനകളോടെ. യാത്രക്കാര്‍ ശ്രദ്ധിക്കൂ:
എത്ര പണം കരുതാന്‍ കഴിയും?
യാത്രക്കാര്‍ക്ക് ഓരോ വിദേശ യാത്രയിലും 3,000 ഡോളര്‍ മൂല്യത്തിലുള്ള (2,46,562.50 രൂപ) വിദേശ നാണയ വിനിമയം മാത്രമാണ് അനുവദനീയമായിട്ടുള്ളത്. കറന്‍സി നോട്ടുകളായും വിദേശ നാണയങ്ങളായും കയ്യില്‍ കരുതാന്‍ കഴിയുന്ന തുകയുടെ മൂല്യമാണ് ഇത്. ബാക്കി വേണ്ട തുക 'സ്റ്റോര്‍ വാല്യു കാര്‍ഡ'് ആയും കയ്യില്‍ കരുതാം.
എന്നാല്‍ ചില യാത്രകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകളുണ്ട്. ഉദാഹരണത്തിന് ഹജ്, ഉംറ തീര്‍ത്ഥയാത്രയ്ക്ക് പോകുന്നവര്‍ക്ക് 2,50,000 ഡോളര്‍ (1.80 കോടി രൂപ) മൂല്യത്തിലുള്ള ഫോറിന്‍ എക്‌സ്‌ചേഞ്ച് സാധ്യമാണ്. മാത്രമല്ല ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് 5,000 ഡോളര്‍ മൂല്യമുള്ള നോട്ടുകള്‍ (4,10,987.50 രൂപ) കയ്യില്‍ കരുതാം.
ഇന്ത്യയിലേക്ക് എത്ര രൂപ തിരിച്ചു കൊണ്ടുവരാം ?
ഏത് വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്ത് തിരികെ വരുന്നവര്‍ക്ക് ഇന്ത്യന്‍ കറന്‍സിയായി 25,000 രൂപയ്ക്കു മുകളിലുള്ള പണം കറന്‍സിയായോ നാണയങ്ങളായോ കൊണ്ടുവരാന്‍ കഴിയില്ല. മാത്രമല്ല രാജ്യത്തെ കസ്റ്റംസ് നിയമങ്ങള്‍ അനുസരിച്ച് നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നും തിരികെ വരുന്നവരുടെ കയ്യില്‍ സൂക്ഷിക്കാന്‍ കഴിയുന്ന നോട്ടുകളുടെ മൂല്യം 100 രൂപ മൂല്യത്തില്‍ കവിയരുത്. അതായത്, അവിടങ്ങളില്‍ നിന്ന് രാജ്യത്തേക്ക് വരുമ്പോള്‍ നിങ്ങളുടെ കയ്യില്‍ 10,000 രൂപയാണ് പണമായി ഉള്ളതെങ്കില്‍ അവ 100 രൂപയുടെ 100 നോട്ടുകളായി കൊണ്ടുവരാം. അല്ലെങ്കില്‍ അതില്‍ താഴെയുള്ള 50,20,10,5 എന്നിങ്ങനെ ചില്ലറയായി കയ്യില്‍ കരുതാം.
എത്ര വിദേശ നാണയം കൊണ്ടുവരാന്‍ കഴിയും
ദുബൈയിലോ അമേരിക്കയിലോ ഏത് വിദേശ രാജ്യങ്ങളിലോ യാത്ര ചെയ്യുന്നവര്‍, തിരികെ വരുമ്പോള്‍ അവിടുത്തെ കറന്‍സി കൊണ്ടുവരാന്‍ മടിക്കേണ്ട. ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് വിദേശ രാജ്യങ്ങളിലെ കറന്‍സി നമ്മുടെ രാജ്യത്തേക്ക് പരിധിയില്ലാതെ കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ ബാങ്ക് നോട്ടുകള്‍, ട്രാവലേഴ്‌സ് ചെക്ക് എന്നിവയുടെ മൂല്യം 10,000 ഡോളറിലോ വിദേശ കറന്‍സികളുടെ മൂല്യം 5,000 ഡോളറിലോ കൂടിയാല്‍ കസ്റ്റംസിന്റെ കറന്‍സി ഡിക്ലറേഷന്‍ ഫോം (CDF) വേണം.
അത് പോലെ മറ്റൊരു കാര്യം നികുതിയാണ്. യാത്ര ചെയ്യുമ്പോള്‍ കയ്യില്‍ കരുതുന്ന പണം ആദായനികുതിക്ക് കീഴില്‍ പ്രത്യേകമായി ചാര്‍ജ് ചെയ്യപ്പെടുന്നില്ല. അതിന്റെ ഉറവിടത്തെക്കുറിച്ച് ശരിയായ വിശദീകരണം നിങ്ങളുടെ പക്കലുണ്ടായിരിക്കണമെന്നു മാത്രം.