ജീവിത പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ പുതിയ നിബന്ധന; മാറ്റങ്ങള്‍ അറിയാം
പാസ്‌പോര്‍ട്ടില്‍ ജീവിത പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിന് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍. പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോഴും നിലവിലുള്ള പാസ്‌പോര്‍ട്ടില്‍ പേരുകള്‍ മാറ്റുമ്പോഴും ഇത് പാലിക്കണം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റോ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ പതിച്ച സത്യവാങ്മൂലമോ ഇനി മുതല്‍ നല്‍കണം. ജീവിത പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന സര്‍ട്ടിഫിക്കറ്റോ നീക്കം ചെയ്യുന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്.
പങ്കാളിയുടെ പേര് മാറ്റാന്‍
പാസ്‌പോര്‍ട്ടില്‍ ജീവിത പങ്കാളിയുടെ പേര് മാറ്റാന്‍ ഇനി മുതല്‍ പുനര്‍ വിവാഹം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം ചേര്‍ക്കണം. പുതിയ പങ്കാളിക്കൊപ്പമുള്ള ഫോട്ടോ ചേര്‍ത്തുള്ള സത്യവാങ്മൂലം വേണം. സ്ത്രീകളുടെ പാസ്‌പോര്‍ട്ടില്‍ പിതാവിന്റെ പേരോ കുടുംബ പേരോ മാറ്റി ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച സത്യവാങ്മൂലമോ ആവശ്യമാണ്.