തോന്നുമ്പോള്‍ പറക്കാം; ഇന്ത്യയിലും എയര്‍ ടാക്‌സികളുടെ കാലം വരുന്നു

വിദേശ രാജ്യങ്ങളില്‍ ഏറെ ഡിമാന്റുള്ള എയര്‍ ടാക്‌സികള്‍ ഇന്ത്യന്‍ നഗരങ്ങളിലും വ്യാപകമാകുമെന്ന് സൂചനകള്‍. എയര്‍പോര്‍ട്ടുകളില്‍ കാത്തിരുന്നു മുഷിയാതെ, സ്വന്തം ഇഷ്ടപ്രകാരം ചെറുവിമാനങ്ങള്‍ വാടകക്കെടുത്ത് പറക്കാനുള്ള സാധ്യതകളാണ് സജീവ ചര്‍ച്ചയാകുന്നത്. ഡല്‍ഹിയില്‍ നടന്ന ഏഷ്യാ പസഫിക് സിവില്‍ ഏവിയേഷന്‍ മിനിസ്റ്റീരിയില്‍ കോണ്‍ഫറന്‍സില്‍ പ്രധാന ചര്‍ച്ചകളിലൊന്നായി മാറിയത് എയര്‍ ടാക്‌സി വ്യവസായത്തിന്റെ പ്രധാന്യമാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി, ഇന്ത്യന്‍ നഗരങ്ങളില്‍ എയര്‍ടാക്‌സികള്‍ യാഥാര്‍ത്ഥ്യമാകുന്ന കാലം അകലെയല്ലെന്ന് വ്യക്തമാക്കി. ഏഷ്യാ പസഫിക് മേഖലയിലെ ബുദ്ധിസ്റ്റ് കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള എയര്‍ സര്‍ക്യൂട്ടിന്റെ പ്രാധാന്യവും സമ്മേളനത്തില്‍ ചര്‍ച്ചയായി. 29 രാജ്യങ്ങളില്‍ നിന്നായി 300 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഏഷ്യന്‍ രാജ്യങ്ങളിലെ മധ്യവര്‍ഗത്തിനിടയില്‍ വ്യോമയാന മേഖലയിലെ സേവനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുകയാണെന്നും ഇത് പുതിയ സാധ്യതകളാണ് തുറക്കുന്നതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

തയ്യാറെടുത്ത് വിമാന കമ്പനികള്‍

ഇന്ത്യന്‍ നഗരങ്ങളില്‍ എയര്‍ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നതിന് വിമാന കമ്പനികള്‍ തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃ സ്ഥാപനമായ ഇന്റര്‍ ഗ്ലോബ് ഈ മേഖലയില്‍ സര്‍വ്വീസ് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായി ചേര്‍ന്ന് 2026 ല്‍ വൈദ്യുത എയര്‍ ടാക്‌സി സര്‍വ്വീസ് ആരംഭിക്കാനാണ് പദ്ധതി.ഡല്‍ഹിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് ഏഴു മിനുട്ടു കൊണ്ട് പറന്നെത്താനാകും.

അമേരിക്കന്‍ ഹെലികോപ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ബ്ലേഡ് ഈ മേഖലയില്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങുന്നുണ്ട്. ഊബറിന്റെ എയര്‍ടാക്‌സി വിഭാഗവും സാധ്യതകള്‍ പഠിച്ചു വരികയാണ്. ഇന്ത്യയിലെ അടുത്തു കിടക്കുന്ന നഗരങ്ങളെ ബന്ധിപ്പിച്ച്‌ വൈദ്യുത വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ സൂം എയറിനും പദ്ധതികളുണ്ട്.

Related Articles
Next Story
Videos
Share it